Kerala

സിൽവർ ലൈൻ; ഡിപിആർ തയാറാക്കാൻ സർക്കാർ ഇതുവരെ ചെലവഴിച്ചത് 22 കോടി രൂപ

സിൽവർ ലൈൻ പദ്ധതിയിൽ ഡിപിആർ തയാറാക്കാൻ സർക്കാർ ഇതുവരെ ചെലവഴിച്ചത് 22 കോടി രൂപ. മുൻഗണനാ സാധ്യതാ പഠനം, ഡി പി ആർ തയാറാക്കൽ എന്നിവയ്ക്കാണ് സർക്കാർ തുക ചെലവഴിച്ചത്. കൺസൾട്ടൻസി സ്ഥാപനമായ സിസ്ട്രയ്ക്കാണ് 22 കോടി രൂപ നൽകിയത്. ഇത് സംബന്ധിച്ച രേഖകളുടെ പകർപ്പ് ട്വന്റി ഫോറിന് ലഭിച്ചു.https://e0ded639740efbee813f1faa4435de8b.safeframe.googlesyndication.com/safeframe/1-0-38/html/container.html

ഇതിനിടെ സിൽവർ ലൈനിന് കേന്ദ്രാനുമതിയുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ട്വന്റി ഫോറിനോട് പറഞ്ഞു. പദ്ധതിക്ക് അനുമതിയില്ലെന്ന കാര്യം സംസ്ഥാന ധനമന്ത്രി ശരിവച്ചതാണെന്ന് വി മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ അവകാശവാദത്തെ കെ എൻ ബാലഗോപാൽ ഫലത്തിൽ തള്ളിക്കളയുകയാണ്.
ആരെ ബോധിപ്പിക്കാനാണ് സിൽവർ ലൈനിന്റെ പേരിൽ സർവേക്കല്ലുകൾ സ്ഥാപിക്കുന്നതെന്ന് വി മുരളീധരൻ ചോദിച്ചു.

സർവേക്കല്ലുകൾ കാണിച്ച് എവിടെനിന്നോ എന്തോ കിട്ടാനുണ്ടെന്ന് സംശയമുണ്ട്. ആയിരക്കണക്കിന് ആൾക്കാരെ കുടിയൊഴിപ്പിച്ചുള്ള പദ്ധതി നടപ്പാക്കേണ്ട സാഹചര്യം കേരളത്തിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് വേണ്ടത് വന്ദേ ഭാരത് ട്രൈയിനെന്ന് വി മുരളീധരൻ പറഞ്ഞു. വന്ദേ ഭാരത് ട്രൈയിൻ കേരളത്തിന് അനുവദിച്ച് കിട്ടാൻ ബി ജെ പി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സിൽവർ ലൈൻ പദ്ധതിലെ സിംഗിൾ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും . ഹർജിക്കാരുടെ ഭൂമിയിൽ കെ റെയിലിനായി സർവേ നടത്തരുതെന്നായിരുന്നു ഇടക്കാല ഉത്തരവ്. ഈ തീരുമാനം സിൽവർ ലൈൻ പദ്ധതികളെ അട്ടിമറിക്കുമെന്നും സാമൂഹികാഘാത പഠനത്തെ തടസപ്പെടുത്തുമെന്നുമാണ് സർക്കാർ വാദം. സർക്കാർ വാദം പരിഗണിക്കാതെ ഏകപക്ഷീയമായ ഉത്തരവാണ് പുറപ്പെടുവിച്ചതെന്നും അപ്പീലിൽ പറയുന്നു.

സിംഗിള്‍ ബഞ്ച് ഉത്തരവ് സര്‍ക്കാരിന്റെ വാദങ്ങള്‍ കണക്കിലെടുക്കാതെയാണെന്ന് അപ്പീലില്‍ സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പരാതിക്കാരുടെ ഹര്‍ജിയിലെ പരിഗണനാ വിഷയങ്ങള്‍ക്ക് അപ്പുറം കടന്നാണ് സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കി. സര്‍വേ നിര്‍ത്തി വയ്ക്കാനുള്ള ഇടക്കാല ഉത്തരവ് സംസ്ഥാന വ്യാപകമായി സമാനമായ വ്യവഹാരങ്ങള്‍ക്ക് വഴി വയ്ക്കുമെന്ന ആശങ്കയും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.