പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രിം കോടതിയെ സമീപിച്ച വിഷയത്തില്‍ ഗവര്‍ണറോടുള്ള നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍. വിഷയത്തില്‍ മനപ്പൂര്‍വം അവഗണിക്കാനല്ല സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ചീഫ് സെക്രട്ടറി ഗവര്‍ണറെ നേരിട്ട് കണ്ട് വിശദീകരിച്ചു. പൌരത്വ ഭേദഗതി നിയമത്തില്‍ വ്യക്തത തേടിയാണ് സുപ്രിം കോടതിയെ സമീപിച്ചതെന്നും ചീഫ് സെക്രട്ടറി ഗവര്‍ണറെ അറിയിച്ചു.
ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനില്‍ നേരിട്ടെത്തിയാണ് സര്‍ക്കാരിന്റെ നിലപാട് ഗവര്‍ണറെ അറിയിച്ചത്. എഴുതിത്തയാറാക്കിയ വിശദീകരണത്തിന് പകരം വാക്കാല്‍ ഗവര്‍ണറെ അറിയിക്കുകയായിരുന്നു. സുപ്രീം കോടതിയില്‍ പോയത് വ്യക്തതക്ക് വേണ്ടിയാണ്. ഗവര്‍ണറെ മറികടക്കാന്‍ മനപ്പൂര്‍വം ശ്രമിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഗവര്‍ണറുമായി ഏറ്റുമുട്ടാനില്ലെന്നും ചീഫ് സെക്രട്ടറി ഗവര്‍ണറെ ധരിപ്പിച്ചു. റൂള്‍സ് ഓഫ് ബിസിനസ് ചട്ടപ്രകാരം കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നതിന് മുമ്പ് തന്നെ അറിയിക്കണമെന്നായിരുന്നു ഗവര്‍ണറുടെ വാദം. ഇക്കാര്യത്തില്‍ ചട്ടലംഘനം സര്‍ക്കാരിന് ബോധ്യപ്പെട്ടുവെന്ന വികാരമാണ് രാജ്ഭവനുള്ളത്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ വിശദീകരണം അംഗീകരിച്ച് ഗവര്‍ണര്‍ വിഷയം അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന. ചട്ട ലംഘനം നടന്നിട്ടുണ്ടെങ്കില്‍ തന്നെ അത് ഭരണഘടന ലംഘനമായി കണക്കാക്കാന്‍ പറ്റില്ലെന്നായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഗവര്‍ണര്‍ക്ക് മുമ്പില്‍ അക്കമിട്ട് നിരത്താന്‍ നില്‍ക്കാതെ ചീഫ് സെക്രട്ടറി നേരിട്ടെത്തി വിശദീകരണം നല്‍കിയത് സര്‍ക്കാരും വെടിനിര്‍ത്തലിന് തയ്യാറാണെന്നതിന്റെ സൂചനയാണ്.