India Kerala

മഞ്ചേരി മെഡിക്കൽ കോളജിലെ ആംബുലൻസ് കട്ടപ്പുറത്ത്

മലപ്പുറം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ അംബുലൻസ് പണിമുടക്കിയിട്ട് മൂന്ന് മാസം. കടപ്പുറത്തായ വാഹനത്തിന്റെ രേഖകൾ ശരിയാക്കാൻ വൈകുന്നതാണ് അറ്റകുറ്റപണി നടക്കാതിരിക്കാൻ കാരണം. 2 അംബുലൻസ് മാത്രമാണ് നിലവിൽ മെഡിക്കൽ കോളജിലുള്ളത്.

സെപ്റ്റംബർ 10ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മഞ്ചേരിയിൽ നിന്നും രോഗിയുമായി പോയ അംബുലൻസാണ് അപകടത്തിൽ പെട്ട് കട്ടപ്പുറത്തായത്. മഞ്ചേരി തുറക്കലിലെ വർക്ക് ഷോപ്പിൽ ആരെങ്കിലും ചികിൽസിക്കും എന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണ് ഈ അംബുലൻസ് ഇപ്പോൾ. വെയിലും മഴയും കൊണ്ട് വർക്ക് ഷോപ്പിന് പുറത്താണ് ആംബുലൻസ് ഉള്ളത്.

നിലവിൽ ഐസിയു ആംബുലൻസ് അടക്കം രണ്ട് ആംബുലൻസ് മാത്രമാണ് മഞ്ചേരി മെഡിക്കൽ കോളജിലുള്ളത്. ആദിവാസി മേഖലകളിലേക്കും, അനാഥർക്കുമായായി സർവീസ് നടത്തുന്ന ആംബുലൻസ് കേടായതോടെ നിരവധി നിർധനരായ രോഗികളാണ് പണം നൽകി ആംബുലൻസ് വിളിക്കേണ്ടി വരുന്നത്.