സാങ്കേതിക സര്‍വകലാശാല വിസിയുടെ ചുമതല ഏറ്റെടുത്ത സംഭവത്തില്‍ ഡോ സിസ തോമസിനെതിരെ നടപടിയുണ്ടായേക്കും. സാങ്കേതിക സര്‍വകലാശാല ഡെപ്യൂട്ടി ഡയറക്ടറാണ് ഡോ സിസ തോമസ്. അനുമതി വാങ്ങാതെയാണ് സിസ തോമസ് ചുമതല ഏറ്റതെന്നാണ് സര്‍ക്കാരിന്റെ വാദം. താത്ക്കാലിക ചുമതല നല്‍കിയത് ചട്ടവിരുദ്ധമാണ്. ഡോ സിസ തോമസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് സര്‍ക്കാരിന്റെ നിഗമനം.
സര്‍വീസ് ചട്ടലംഘനമുണ്ടായെന്നാണ് വിലയിരുത്തല്‍. ഡോ സിസ തോമസിനോട് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് വിശദീകരണം തേടും. അനുമതി വാങ്ങിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. തീരുമാനം സാങ്കേതിക സര്‍വകലാശാല അറിഞ്ഞില്ല.
സാങ്കേതിക സര്‍വകലാശാല വിസി സ്ഥാനത്തേക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച രണ്ട് പേരുകള്‍ തള്ളിക്കൊണ്ടാണ് രാജ്ഭവന്‍ ഡോ സിസാ തോമസിന് താത്ക്കാലിക ചുമതല നല്‍കിയത്. നിലവില്‍ വഹിക്കുന്ന ശാസ്ത്രസാങ്കേതിക ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ പദവിക്ക് പുറമെയാണ് വിസിയുടെ താത്ക്കാലിക ചുമതല.
ചുമതലയേറ്റടുത്ത കാര്യം രാജ്ഭവനെ രേഖാമൂലം അറിയിച്ചെന്ന് സിസാ തോമസ് പറഞ്ഞു. തുടര്‍ന്ന് ഓഫിസ് വിട്ട വിസിയെ ഗോബാക്ക് വിളികളോടെയാണ് ഇടത് അനുകൂല സര്‍വീസ് സംഘടനകള്‍ യാത്രയാക്കിയത്. പ്രതിഷേധം പ്രതീക്ഷിച്ചിരുന്നെന്നും പുതിയ വിസി വരുന്നതുവരെ ചാന്‍സലര്‍ ഏല്‍പ്പിച്ച ചുമതല നിര്‍വഹിക്കുമെന്നും സിസ തോമസ് പറഞ്ഞു.