Kerala

ആര്‍.എസ്.എസ് സഹയാത്രികന് യോഗാ സെന്‍റര്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ഭൂമി

ആര്‍.എസ്.എസ് സഹയാത്രികനും ആത്മീയ ഗുരുവുമായി അറിയപ്പെടുന്ന ശ്രീ എമ്മിന്‍റെ സത്​സംഗ്​​ ഫൗണ്ടേഷന്​ നാലേക്കര്‍ ഭൂമി നൽകി സര്‍ക്കാര്‍. യോഗ റിസർച്ച്​ സെന്‍റർ സ്​ഥാപിക്കാനാണ് ഹൗസിങ്​ ബോര്‍ഡിന്‍റെ കൈവശമുള്ള തിരുവനന്തപുരം ചെറുവയക്കൽ വില്ലേജിലെ​ ഭൂമി കൈമാറാന്‍ മന്ത്രിസഭ തീരുമാനിച്ചത്. നിബന്ധനകളോടെ സ്ഥലം 10 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ ബുധനാഴ്ച്ച(24-02-2021) ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഭൂമി കൈമാറ്റം അംഗീകരിച്ചത്.

യോഗി എം, ശ്രീ മധുകര്‍നാഥ്, മുംതാസ് അലി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ശ്രീ എം തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂർ സ്വദേശിയാണ്​. മഹേശ്വര്‍നാഥ് ബാബയാണ്​ ഇദ്ദേഹത്തിന്‍റെ ഗുരു. നേരത്തെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന് നല്‍കിയ അഭിമുഖത്തില്‍ രാഷ്ട്രീയ സ്വയംസേവക് സംഘവുമായും പത്രവുമായുള്ള ബന്ധം ശ്രീ എം തുറന്നുപറയുന്നുണ്ട്. ആര്‍.എസ്.എസുമായി ഏറ്റവും അടുപ്പത്തിലാണ് സഞ്ചരിച്ചിരുന്നതെന്നും ഇവരുടെ തന്നെ അക്കാദമിക്-റിസർച്ച് ജേണൽ ആയ ‘മാന്തന്‍റെ’ ജോയിന്‍റ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നതായും ശ്രീ എം പറയുന്നു. ഓര്‍ഗനൈസറിന്‍റെ ചെന്നൈ ലേഖകനായും ശ്രീ എം പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതെ സമയം ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ശ്രീ എം ഒരുമിച്ചിരിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ആര്‍.എസ്.എസ് സഹയാത്രികന് സര്‍ക്കാര്‍ ഭൂമി അനുവദിച്ചതിനെതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും സാമൂഹിക പ്രവര്‍ത്തകനുമായ എസ് ഫൈസി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തുവന്നു. എ.പി അബ്ദുള്ളക്കുട്ടിക്കും മുമ്പേ ഗാന്ധിയെ കൊന്ന ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന ഒരാള്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും തീരുമാനം പുനപരിശോധിച്ച് പിന്‍വലിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

‘അപ്രെന്‍ടൈസ്ഡ് ടു എ ഹിമാലയന്‍ മാസ്റ്റര്‍ എ യോഗീസ്’ എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഗുരുസമക്ഷം : ഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥ’ എന്ന പേരില്‍ ഇത് പിന്നീട് മലയാളത്തിലും പുറത്തിറങ്ങിയിട്ടുണ്ട്.