India Kerala

കുപ്പിവെള്ളം 11 രൂപയ്ക്ക് വില്‍ക്കാനാവശ്യമായ നടപടികള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി

കുപ്പിവെള്ളം അവശ്യ സാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി 11 രൂപക്ക് നൽകാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമൻ. അതേസമയം പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വർധനവ് തടയുന്നതിൽ സർക്കാർ പരാജയമാണെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.

വിലക്കയറ്റം തടയാൻ സർക്കാർ ഫലപ്രദമായി വിപണി ഇടപെടൽ നടത്തിയിട്ടുണ്ടെന്നാണ് ഭക്ഷ്യമന്ത്രിസഭയിൽ വിശദീകരിച്ചത്. അന്യസംസ്ഥാറങ്ങളിൽ കാലാവസ്ഥ വ്യതിയാനം ഉണ്ടായത് കൊണ്ട് പച്ചക്കറി വിലയിൽ നേരിയ വർധനവുണ്ടൊയെന്ന് സമ്മതിച്ച മന്ത്രി പി തിലോത്തമൻ, കുപ്പിവെള്ളത്തെ അവശ്യവസ്തുവിന്റെ പരിധിയിൽ കൊണ്ട് വരുമെന്നും വ്യക്തമാക്കി. വില വർധിപ്പിക്കില്ലെന്ന് എൽ.ഡി.എഫ് വാഗ്ദാനം ചെയ്ത 14 ഇനം സാധനങ്ങൾ എവിടെയും കിട്ടുന്നില്ലെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ എം. വിൻസന്റ് കുറ്റപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇടത് മുന്നണി തോൽവിക്ക് ഭക്ഷ്യവകുപ്പും കാരണമായെന്ന് വിൻസന്റ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ഉത്പന്നങ്ങൾക്കും 10 ശതമാനം വില വർധിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.