ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് സർക്കാർ ഡോക്ടർമാർ ഇന്ന് മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ റിലേ നിൽപ്പ് സമരം ആരംഭിക്കും. വിവിധ ജില്ലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ഡിഎംഒ – ഡിഎച്ച്എസ് ഓഫീസ് വരെയുള്ള സ്ഥാപനങ്ങളിലെ ഡോക്ടർമാർ ഈ പ്രതിഷേധത്തിൻ്റെ ഭാഗമാകും. (government doctors strike today)
രോഗീപരിചരണം മുടങ്ങാതെ ആഴ്ച്ചകളായി തുടരുന്ന ഡോക്ടർമാരുടെ പ്രതിഷേധം സർക്കാർ അവഗണിക്കുകയാണെന്ന് കെജിഎംഒഎ ആരോപിച്ചു. അവഗണന തുടർന്നാൽ നവംബർ 16ന് കൂട്ട അവധി എടുത്ത് പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നൽകി.
ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ ഒക്ടോബർ നാല് മുതൽ സർക്കാർ ഡോക്ടർമാർ നിസഹകരണ പ്രതിഷേധത്തിലാണ്. രോഗീപരിചരണം മുടങ്ങാതെ ഇ-സഞ്ജീവനി, അവലോകന യോഗങ്ങൾ, പരിശീലന പരിപാടികൾ, വിഐപി ഡ്യൂട്ടികൾ എന്നിവ ബഹിഷ്കരിച്ചാണ് സമരം. ഗാന്ധിജയന്തി ദിനത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരവും നടത്തി.ഈ സമരങ്ങളെല്ലാം കണ്ടിട്ടും ഡോക്ടർമാരുടെ പ്രതിനിധികളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറായിട്ടില്ലെന്ന് ഇവർ ആരോപിക്കുന്നു.
കൊവിഡ് കാലത്ത് ഡോക്ടർമാർക്ക് ന്യായമായും ലഭിക്കേണ്ട റിസ്ക് അലവൻസ് നൽകിയില്ലയെന്ന് മാത്രമല്ല, ശമ്പള പരിഷ്കരണം വന്നപ്പോൾ ഡോക്ടർമാരുടെ ശമ്പളത്തിൽ ആനുപാതിക വർദ്ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിക്കുന്ന രീതിയാണ് സർക്കാർ സ്വീകരിച്ചതെന്നും കെജിഎംഒഎ കുറ്റപ്പെടുത്തുന്നു.