India Kerala

തിരുവനന്തപുരം ആര്‍ട്സ് കോളജിലും എസ്.എഫ്.ഐയുടെ ഗുണ്ടായിസം

തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്സ് കോളജിലും എസ്.എഫ്.ഐ ഗുണ്ടായിസത്തിന്റെ തെളിവുകള്‍ പുറത്ത്. സംഘടന പരിപാടിയില്‍ പങ്കെടുക്കാത്തതിന് കോളജ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള എസ്.എഫ്.ഐ നേതാക്കള്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദ സംഭാഷണമാണ് പുറത്തായത്.

ഗവ.ആര്‍ട്സ് കോളജ് ചെയര്‍മാന്‍ സമീറും സംഘവുമാണ് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയും ശകാരിക്കുകയും ചെയ്തത്. വനിത മതിലില്‍ പങ്കെടുക്കാതെ ഉച്ചക്ക് വീട്ടില്‍ പോയതിനാണ് മോശം ഭാഷയില്‍ ശകാരം. വകുപ്പ് മേധാവിയോട് ചോദിച്ച ശേഷമാണ് പോയതെന്ന് കരഞ്ഞുപറയുന്ന പെണ്‍കുട്ടികളോട്, എസ്.എഫ്.ഐ യൂണിയന്‍ ഭാരവാഹികളോട് അനുവാദം ചോദിക്കാതെ പോകാന്‍ എങ്ങനെ ധൈര്യം വന്നുവെന്ന് മറുചോദ്യം.

ഇത് ഒറ്റപ്പെട്ട സംഭവമല്ല, നേതാക്കളുടെ ഉത്തരവുകള്‍ പാലിക്കാത്ത സന്ദര്‍ഭങ്ങളിലെല്ലാം ഇതാണ് പതിവെന്നും നിവൃത്തികെട്ടപ്പോള്‍ ശബ്ദം റെക്കോഡ് ചെയ്തതാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഇപ്പോഴും അവിടെ പഠിക്കുന്നതിനാല്‍ പേടി കൊണ്ട് കാമറക്ക് മുന്നില്‍ വരാന്‍ തയ്യാറല്ലെന്ന് മാത്രം. വിഷയം പരിശോധിക്കുമെന്ന് എസ്.എഫ്.ഐ ജില്ലാകമ്മിറ്റി പ്രതികരിച്ചു.