ഗവർണർ – സർക്കാർ തർക്കത്തിൽ മഞ്ഞുരുകുന്നുവെന്ന് സൂചന. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിക്കും മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഫോണിൽ വിളിച്ചു. ദൂതൻ വഴി രാജ്ഭവനിലേക്ക് കത്തും കൊടുത്തയച്ചു. ഗവർണർ തന്നെ സർവകലാശാലകളുടെ ചാൻസലറായി തുടരണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ഗവർണറുമായി ഏറ്റുമുട്ടലിന് സർക്കാർ ആഗ്രഹിക്കുന്നില്ല. ചാൻസലർ പദവി താൻ ഏറ്റെടുക്കില്ല. അതിനായി ഓർഡിനൻസും ഇറക്കില്ല. സർക്കാരും ഗവർണറും യോജിച്ച് പ്രവർത്തിക്കുന്നത് ജനാധിപത്യത്തിന്റെ ശോഭ കൂട്ടുമെന്നും മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു. ഇക്കാര്യങ്ങളോട് അനുകൂലമായി ഗവർണർ പ്രതികരിച്ചതായാണ് സൂചന. വിദേശത്തേക്ക് ചികിത്സയ്ക്ക് പോവുന്നതിന്റെ വിവരങ്ങളും മുഖ്യമന്ത്രി ധരിപ്പിച്ചു.
എന്നാൽ മുഖ്യമന്ത്രിയുടെ അനുനയ നീക്കത്തോട് ഗവർണറോ രാജ്ഭവനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാലാണ് തനിക്ക് നേരിട്ട് എത്താൻ കഴിയാത്തതെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.