India Kerala

ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി ഗവര്‍ണറുടെ നയപ്രഖ്യാപനം

ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍. പെന്‍ഷന്‍ വിതരണത്തിന് പ്രത്യേക കമ്പനി തുടങ്ങുമെന്നും പ്രവാസികള്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോഡ് വരെ നാല് മണിക്കൂര്‍ കൊണ്ട് എത്താന്‍ കഴിയുന്ന അര്‍ധ അതിവേഗ റെയില്‍വെ പാതയും ഗവര്‍ണര്‍ പ്രഖ്യാപിച്ചു.

180 കിലോ മീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ക്ക് പോകാന്‍ കഴിയുന്ന മേല്‍പാലത്തിലൂടെയുള്ള രണ്ട് വരി റെയില്‍ പാതയാണ് സര്‍ക്കാര്‍‍ വിഭാവന ചെയ്യുന്നത്. 780 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള പുതിയ പവര്‍ സ്റ്റേഷന്‍ ഇടുക്കിയില്‍ തുടങ്ങുന്നതും നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് എന്ന പേരിലാണ് സാമൂഹിക ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് കമ്പനി രൂപീകരിക്കുക.

ഒരു ഗോത്രവര്‍ഗ കുടുംബത്തിന് ഒരു തൊഴില്‍ എന്ന രീതിയിലാണ് ആദിവാസികള്‍ക്കായി പദ്ധതി രൂപീകരിക്കുന്നത്. കിഫ്ബിയില്‍ 5 ലക്ഷം രൂപ നിക്ഷേപിക്കുന്ന പ്രവാസികള്‍ക്ക് സ്ഥിരം വരുമാനം ഉറപ്പുവരുത്തുന്നതാണ് പ്രവാസി ഡിവിഡന്റ് പെന്‍ഷന്‍ സ്കീം. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും, എല്ലാ പൊലീസ് സ്റ്റേഷനുകളും ജനമൈത്രി സ്റ്റേഷനുകളാക്കും, മാലിന്യത്തില്‍ നിന്ന് ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന പ്ലാന്‍റുകള്‍ സ്ഥാപിക്കും, സമഗ്ര രോഗ നിരീക്ഷണ പരിപാടി നടപ്പാക്കും, സെക്രട്ടറിയേറ്റ് നവീകരണം, 1950 മുതലുള്ള മന്ത്രിസഭാ രേഖകളുടെ ഡിജിറ്റലൈസേഷന്‍ എന്നിവയായിരുന്നു നയപ്രഖ്യാപനത്തിലെ മറ്റു പ്രഖ്യാപനങ്ങള്‍.