കൊച്ചിയില്‍ ബസ് യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ഗതാഗത മന്ത്രിയുടെ നിര്‍ദേശം. കേസില്‍ ബസ് ജീവനക്കാരായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു . വിഷയത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയും വ്യക്തമാക്കി.
ജയേഷ്,ജിതിന്‍,ഗിരിലാല്‍ എന്നീ ബസ് ജീവനക്കാരെയാണ് മരട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ മൂന്ന് പേരും സുരേഷ് കല്ലട ബസിലെ ജീവനക്കാരാണ്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് ആലപ്പുഴ ഹരിപ്പാട് വെച്ച് കേടായി. ഏറെ നേരം ബസ് തകരാറിലായതിനെത്തുടന്ന് ബസ് ജീവനക്കാരോട് യാത്രക്കാരായ യുവാക്കള്‍ തര്‍ക്കിച്ചിരുന്നു. പിന്നീട് മറ്റൊരു ബസ് എത്തിച്ചാണ് യാത്ര തുടര്‍ന്നത്. ബസ് വൈറ്റിലയിലെത്തിയപ്പോള്‍ ബസ് ജീവനക്കാര്‍ ഈ മൂന്ന് യുവാക്കളെ മര്‍ദിച്ചുവെന്നാണ് പരാതി. മര്‍ദ്ദനത്തിന്റെ ദൃശ്യം യാത്രക്കാരിലൊരാള്‍ പകര്‍ത്തിയത് സമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുമുണ്ട്.
ആലപ്പുഴയിലെ കരുവാറ്റയിലെത്തിയപ്പോള്‍ യുവാക്കളും ബസ് ജീവനക്കാരെ മര്‍ദ്ദിച്ചിരുന്നുവെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബസില്‍ യാത്ര ചെയ്ത മറ്റ് യാത്രക്കാരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കര്‍ണാടക രജിസ്ട്രേഷനുളള കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി. ബസ് ഉടമയെ നോട്ടീസ് നല്‍കി വിളിച്ചുവരുത്താന്‍ എ.ഡി.ജി.പി മനോജ് എബ്രഹാമിന് ഡി.ജി.പി നിര്‍ദേശം നല്‍കി.