Kerala

ബെവ് ക്യൂ ആപിന് ഗൂഗിളിന്‍റെ അനുമതി; ഈ ആഴ്ച തന്നെ മദ്യവിതരണം ആരംഭിച്ചേക്കും

ഗൂഗിളിന്‍റെ അനുമതി ലഭിച്ചതിനാല്‍ പെട്ടെന്ന് തന്നെ പ്ലേസ്റ്റോറില്‍ ലഭ്യമാകും. രണ്ടുദിവസത്തിനകം മദ്യവിതരണം ആരംഭിക്കാനാകും എന്നാണ് ബെവ്കോ അധികൃതര്‍ നല്‍കുന്ന സൂചന.

ബെവ് ക്യൂ ആപിന് ഗൂഗിള്‍ അനുമതി നല്‍കി. ആപ് ഇന്നോ നാളെയോ പ്രവര്‍ത്തന സജ്ജമാകും. ആപ് ഉപയോഗിച്ച് ഈ ആഴ്ച തന്നെ മദ്യവിതരണം ആരംഭിച്ചേക്കും.

നിരവധി ദിവസത്തെ സാങ്കേതിക തടസ്സത്തിന് ശേഷമാണ് ബെവ്ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിച്ചിരിക്കുന്നത്. ഇന്ന് പുലര്‍ച്ചയോടെയാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഗൂഗിളിന്‍റെ അനുമതി ലഭിച്ചതിനാല്‍ പെട്ടെന്ന് തന്നെ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാകും. അങ്ങനെയെങ്കില്‍ രണ്ടുദിവസത്തിനകം മദ്യവിതരണം ആരംഭിക്കാനാകും എന്നാണ് ബെവ്കോ അധികൃതര്‍ നല്‍കുന്ന സൂചന.

ഇതോടെ മദ്യ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യാം. ഒരാള്‍ക്ക്‌ പരമാവധി മൂന്ന് ലിറ്റര്‍ മദ്യമേ ലഭിക്കൂ. നാല് ദിവസത്തിനുള്ളില്‍ ഒരു തവണ മാത്രമേ മദ്യം നല്‍കൂ തുടങ്ങിയ നിബന്ധനകളുമുണ്ട്.

ഉപയോഗിക്കുന്ന ആളുടെ പിന്‍കോഡ് അനുസരിച്ചായിരിക്കും ആപ്പിലെ പ്രവര്‍ത്തനങ്ങള്‍. ഇതിലൂടെ ലഭിക്കുന്ന ഇ-ടിക്കറ്റില്‍ ഏത് മദ്യഷാപ്പില്‍ എപ്പോള്‍ വരണമെന്ന് അറിയിക്കും. അതനുസരിച്ച് ഉപഭോക്താക്കള്‍ എത്തിയാല്‍ മദ്യം വാങ്ങാം. ഇ-ടിക്കറ്റിലെ ക്യൂ ആര്‍ കോഡ് മദ്യശാലകളില്‍ സ്‌കാന്‍ ചെയ്ത് പരിശോധിച്ച് ഉറപ്പുവരുത്തുയും ചെയ്യും. പൂര്‍ണ്ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും വിപണനം.