കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിപണിയില്‍ ഒന്നര കോടിയിലധികം വില വരുന്ന രണ്ടേ മുക്കാല്‍ കിലോയോളം വരുന്ന സ്വര്‍ണമാണ് പൊലീസ് പിടിച്ചെടുത്തത്. ബെഹ്‌റൈനില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസിലെത്തിയ ബാലുശേരി സ്വദേശി അബ്ദുള്‍ സലാം എന്നയാളാണ് പിടിയിലായത്.
സ്വര്‍ണം മിശ്രിത രൂപത്തിലാക്കിയ ശേഷം പ്ലാസ്റ്റിക് കവറുകളിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമമാണ് വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് തടഞ്ഞത്. കസ്റ്റംസ് പരിശോധനയെ മറികടന്ന് പുറത്തിറങ്ങിയ ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പൊലീസ് എക്‌സറേ എടുത്തപ്പോഴാണ് സ്വര്‍ണമുള്ളതായി വ്യക്തമായത്.
കഴിഞ്ഞ രണ്ട് മാസമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച 30ഓളം കേസുകളാണ് കരിപ്പൂരില്‍ രജിസ്റ്റര്‍ ചെയ്തത്. 14 കോടി വിലവരുന്ന 28 കിലോയോളം സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.