Kerala

ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണക്കടത്ത്; പിന്നില്‍ മൂന്നാംഗ സംഘമെന്ന് കസ്റ്റംസ്, പ്രതികളില്‍ നേരത്തേയും സ്വര്‍ണം കടത്തി

ഇറച്ചി മുറിയ്ക്കുന്ന യന്ത്രം വഴി സ്വര്‍ണം കടത്തിയ സംഭവത്തിന് പിന്നില്‍ മൂന്നംഗ സംഘമെന്ന് കസ്റ്റംസ് പ്രവന്റീവ് അറിയിച്ചു. സിനിമാ നിര്‍മാതാവ് സിറാജുദ്ദീന്‍, എറണാകുളം സ്വദേശി തുരുത്തുമ്മേല്‍ സിറാജ്, തൃക്കാക്കര സ്വദേശി ഷാബിന്‍ എന്നിവരാണ് കള്ളക്കടത്തിന് പിന്നിലുള്ളത്. മൂവരും ചേര്‍ന്നാണ് സ്വര്‍ണക്കളളക്കടത്തിന് പണം മുടക്കിയതെന്നും കസ്റ്റംസ് പറഞ്ഞു. പ്രതികള്‍ മുമ്പും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും കണ്ടെത്തി.

തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകനായ ഷാബിന്‍ നഗരസഭയിലെ കരാറുകാരനായിരുന്നു. ഇതുവഴി കിട്ടിയ പണവും വിദേശത്ത് സ്വര്‍ണം വാങ്ങാനായി ഉയോഗിച്ചു. പ്രതികള്‍ മുമ്പും വലിയ യന്ത്രങ്ങളുടെ മറവില്‍ സ്വര്‍ണം കടത്തിയതായി സംശയിക്കുന്നു. ബംഗളൂര്‍, മുംബൈ വിമാനത്താവളങ്ങളിലേക്കും അമ്പേഷണം വ്യാപിപ്പിച്ചു.

സിനിമാ നിര്‍മ്മാതാവായ സിറാജ്ജുദ്ദിന്റെ വീട്ടില്‍ കസ്റ്റംസ് പ്രിവന്റീവ് സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. തൃക്കാക്കര മുനിസിപ്പല്‍ വൈസ് ചെയര്‍മാന്റെ മകനും ഇയാളും ചേര്‍ന്ന് സ്വര്‍ണം കടത്തിയെന്ന സൂചനയെ തുടര്‍ന്നായിരുന്നു റെയ്ഡ്. വാങ്ക്, ചാര്‍മിനാര്‍ സിനിമകളുടെ നിര്‍മാതാവാണ് സിറാജുദ്ദീന്‍.

ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് രണ്ട് കിലോയിലേറെ സ്വര്‍ണം കടത്തിയെന്നാണ് കേസ്. തൃക്കാക്കര മുനിസിപ്പല്‍ വൈസ് ചെയര്‍മാനും മുസ്ലീം ലീഗ് നേതാവുമായ എ.എ.ഇബ്രാഹിംകുട്ടിയുടെ മകന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഇവരുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഇബ്രാഹിംകുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കയറി.

ദുബായില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കാര്‍ഗോ വഴി അയച്ച ഇറച്ചി വെട്ട് യന്ത്രത്തിനുള്ളില്‍ നിന്നാണ് രണ്ട് കിലോ 232 ഗ്രാം സ്വര്‍ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തത്. തൃക്കാക്കരയിലെ തുരുത്തുമ്മേല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇറച്ചിവെട്ട് യന്ത്രമെത്തിയത്. ഇത് വാങ്ങാനെത്തിയ നകുല്‍ എന്നയാളുമായും ഈ സ്ഥാപനവുമായും നഗരസഭ വൈസ് ചെയര്‍മാന്റെ മകന്‍ ഷാബിറിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

എ.എ.ഇബ്രാഹിംകുട്ടിയുടെയും സഹോദരന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഇവിടെ നിന്ന് ലാപ്‌ടോപ്പ് അടക്കം കസ്റ്റംസ് പിടിച്ചെടുത്തു. പരിശോധന സമയത്ത് ഷാബിര്‍ വീട്ടിലുണ്ടായിരുന്നില്ല. തുരുത്തുമ്മേല്‍ എന്റര്‍പ്രൈസിന്റെ പേരില്‍ നേരത്തെയും ഇത്തരത്തില്‍ കാര്‍ഗോ എത്തിയിട്ടുണ്ട്. ഇതില്‍ സ്വര്‍ണം കടത്തിയോ എന്ന് പരിശോധിക്കുന്നതിനായി സ്ഥാപനത്തിലെ നാല് ജീവനക്കാരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നിന്ന് കിട്ടിയ വിവരത്തെ തുടര്‍ന്നായിരുന്നു എഎ ഇബ്രാഹിംകുട്ടിയുടെ വീട്ടിലെ പരിശോധന.