Kerala

ലാപ്‌ടോപ്പിന്റെ ചാര്‍ജറും വയറും പൊട്ടിച്ച് കടുക് രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരാള്‍ പിടിയില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ കടുക് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നും 12 ലക്ഷം രൂപ വില വരുന്ന 269 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം ലാപ്‌ടോപ്പിന്റെ വയറിനോട് ചേര്‍ത്താണ് അതിവിദഗ്ധമായി ഒളിപ്പിച്ചിരുന്നത്. ലാപ്‌ടോപ്പിന്റെ ചാര്‍ജര്‍ പൊട്ടിച്ച ശേഷം യോജിപ്പിച്ച് അതിനകത്തും സ്വര്‍ണം ഒളിപ്പിച്ചിരുന്നു.

സ്വര്‍ണം കടത്തിയ നാല് കേസുകള്‍ ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലും ഇന്ന് വന്‍ സ്വര്‍ണവേട്ട നടന്നു. ഐഫോണിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. മൂന്ന് ലക്ഷം മൂല്യം വരുന്ന 60 ഗ്രാം സ്വര്‍ണമാണ് മൊബൈലിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. ദുബായില്‍ നിന്ന് എത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് നിയാസാണ് (24) കസ്റ്റംസിന്റെ പിടിയിലായത്.