Kerala

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം വൈകിയേക്കും

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിയേക്കും. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി പ്രതികള്‍ക്ക് കസ്റ്റംസ് ഷോക്കോസ് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ യൂണിറ്റിലെ ഉദ്യോഗസ്ഥരില്‍ പലരും കൊവിഡ് ബാധിതരായതും, ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും മൂലം കുറ്റപത്രം സമര്‍പ്പിക്കല്‍ വൈകുമെന്നാണ് നിലവിലെ വിവരം.

കുറ്റപത്രത്തിന്റെ ഡ്രാഫ്റ്റ് തയ്യാറായതായും പരിശോധനയ്ക്കായി ഇത് പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയെന്നും പ്രോസിക്യൂഷന്‍ ചുമതലയുള്ള കസ്റ്റംസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ കെ.രാംകുമാര്‍ അന്തിമ പരിശോധന നടത്തിയ ശേഷം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും.

അതേസമയം സ്വപ്നയെയും സരിത്തിനെയും മാപ്പുസാക്ഷികളാക്കുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല. കേസില്‍ പുതിയ കണ്ടെത്തലുകള്‍ ഉണ്ടായാല്‍ മാത്രം ഇരുവരെയും മാപ്പുസാക്ഷികളാക്കിയാല്‍ മതിയെന്ന് പ്രാഥമിക നിയമോപദേശം കസ്റ്റംസിന് ലഭിച്ചു കഴിഞ്ഞു. ഇതിനിടെ മറ്റൊരു പ്രതി സന്ദീപിനെ മാപ്പുസാക്ഷിയാക്കുന്നതില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി കസ്റ്റംസ് ചൂണ്ടിക്കാട്ടി. എന്‍ഐഎ ഇയാളെ മാപ്പുസാക്ഷിയാക്കിയ പശ്ചാത്തലത്തിലാണ് നീക്കം.