Kerala

സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കര്‍ പ്രതിയായേക്കും

ശിവശങ്കരനെതിരെ കുരുക്ക് മുറുക്കി കേന്ദ്ര ഏജന്‍സികള്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കരനും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് ഇഡിയുടെ സംശയം. ലൈഫ് മിഷനില്‍ യുണിടാക്കിനെ കൊണ്ടുവന്നതടക്കമുള്ള കാര്യങ്ങളില്‍ സി.ബി.ഐയും കുരുക്ക് മുറുക്കുകയാണ്. ഇതിന് പിന്നാലെയാണ് നയതന്ത്ര ബാഗേജ് ദുരുപയോഗത്തിലെ ശിവശങ്കറിന്‍റെ പങ്കിനെ കുറിച്ച് കസ്റ്റംസും അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.

എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റ് കോടതിയില്‍ നല്‍കിയ പ്രാഥമിക കുറ്റപത്രത്തില്‍ ശിവശങ്കരന്‍റെ പേരില്ല. എന്നാല്‍ ഗുരുതരമായ ചില കണ്ടെത്തലുകളാണ് ഇ.ഡി നടത്തിയിരിക്കുന്നത്. തിരുവനന്തപുരത്തെ ചാര്‍ട്ടേഡ് അക്കൌണ്ടന്‍റുമായി നടത്തിയ വാട്‍സ്ആപ്പ് ചാറ്റ് ശിവശങ്കരന് വലിയ തിരിച്ചടിയാണ്. സ്വപ്നയ്ക്ക് ലഭിച്ച മുപ്പത് ലക്ഷം രൂപ സൂക്ഷിക്കുന്നത് സംബന്ധിച്ച് നടത്തിയ വാട്‍സ്ആപ്പ് ചാറ്റാണ് കണ്ടെത്തിയിരിക്കുന്നത്. സ്വപ്നയുടെ ലോക്കറിന്‍റെ കൂട്ടുടമ ശിവശങ്കരനാണെന്നതും സംശയങ്ങള്‍ ഇരട്ടിയാക്കുന്നു. അതുകൊണ്ടുതന്നെ ഇ.ഡിയുടെ പ്രതിപട്ടികയിലേക്ക് ശിവശങ്കരനും എത്തുമെന്നാണ് വിവരം.

ഇ.ഡിക്ക് പിന്നാലെ സി.ബി.ഐയും ശിവശങ്കരനെതിരെ നീക്കം ആരംഭിച്ചിട്ടുണ്ട്. ലൈഫ് മിഷനിലേക്ക് ഹാബിറ്റാറ്റിനെ മാറ്റി യുണിടാക്കിനെ കൊണ്ടുവന്നതിന് പിന്നില്‍ സ്വപ്നയടക്കമുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാണെന്നാണ് സി.ബി.ഐ പറയുന്നത്. ഇതിന് ശിവശങ്കരനും കൂട്ടുനിന്നിട്ടുണ്ടോയെന്നാണ് സംശയം. ഇക്കാര്യത്തില്‍ വ്യക്തത വന്നാല്‍ സി.ബി.ഐയും ശിവശങ്കരനെ പ്രതിപട്ടികയിലേക്ക് കൊണ്ടുവന്നേക്കും.

നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണ്ണം കടത്തിയതില്‍ തനിക്ക് യാതൊരു പങ്കും ഇല്ലെന്നാണ് ശിവശങ്കരന്‍ കസ്റ്റംസിനോട് പറഞ്ഞത്. എന്നാല്‍ സ്വപ്നയടക്കമുള്ളവരുമായുള്ള അടുത്ത ബന്ധം ഈ വാദങ്ങളെ തള്ളിക്കളയുന്നു. അതുകൊണ്ടുതന്നെ കസ്റ്റംസിനും ചില സംശയങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാട്‍സ്ആപ്പ് ചാറ്റുകളടക്കമുള്ള തെളിവുകള്‍ പരിശോധിച്ചപ്പോള്‍ ശിവശങ്കരന്‍റെ പങ്ക് വ്യക്തമായിട്ടുണ്ടെന്നാണ് സൂചന. സ്വപ്നയടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതിലൂടെ ശിവശങ്കരന്‍ നല്‍കിയ സഹായങ്ങള്‍ പുറത്ത് കൊണ്ടുവരാനാകുമെന്നാണ് കസ്റ്റംസും കരുതുന്നത്. അങ്ങനെ വന്നാല്‍ കസ്റ്റംസ് പ്രതിപട്ടികയിലും ശിവശങ്കരന്‍റെ പേര് വന്നേക്കാം.

ശിവശങ്കരനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കേസില്‍ ശിവശങ്കരനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യല്‍. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് ശിവശങ്കരനെ വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

പ്രധാന പ്രതികളായ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ശിവശങ്കരനെ കസ്റ്റംസ് ആദ്യം ചെയ്തത്. തിരുവനന്തപുരത്ത് എത്തിയായിരുന്നു കസ്റ്റംസിന്‍റെ ചോദ്യം ചെയ്യല്‍. സ്വപ്നയുമായി പരിചയം ഉണ്ടെന്നും സ്വര്‍ണക്കടത്തിന് കൂട്ട് നിന്നിട്ടില്ലെന്നുമായിരുന്നു ശിവങ്കരന്‍ കസ്റ്റംസിന് അന്ന് നല്‍കിയ മൊഴി.

എന്നാല്‍ കേസ് അന്വേഷണം മൂന്ന് മാസം പിന്നിടുമ്പോള്‍ വ്യക്തമായ തെളിവുകള്‍ ശിവശങ്കരന്‍റെ പങ്കിനെ കുറിച്ച് ലഭിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. വാട്‍സ്ആപ്പ്, ടെലഗ്രാം ചാറ്റുകളടക്കം കസ്റ്റംസ് ശേഖരിച്ചു കഴിഞ്ഞു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തെളിവുകളും കസ്റ്റംസിന്‍റെ പക്കല്‍ ഉണ്ട്. അതുകൊണ്ടുതന്നെ രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്. കൊച്ചിയിലെ ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ വിശദമായ ചോദ്യം ചെയ്യല്‍ ഉണ്ടായേക്കാം.

മറ്റ് ഏജന്‍സികള്‍ക്ക് മുമ്പാകെ നല്‍കിയ മൊഴിയും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ശിവശങ്കരന്‍റെ മൊഴിയെടുക്കുന്നതിനൊപ്പം സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരേയും കസ്റ്റംസ് ചോദ്യം ചെയ്യും. ഇതിനുള്ള അനുമതിയും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.

ലൈഫ് മിഷന്‍ അഴിമതിക്കേസിലും ശിവശങ്കറിന് കുരുക്ക് മുറുകുന്നു

ലൈഫ് മിഷന്‍ ക്രമക്കേടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കേന്ദ്രീകരിച്ച് അന്വേഷണത്തിനൊരുങ്ങി വിജിലന്‍സ്. യുണിടാക്കിനായി ഇടപെട്ടോയെന്ന് കണ്ടെത്താൻ ശിവശങ്കറിന്‍റെ വാട്‍സ്ആപ്പ് സന്ദേശങ്ങൾ പരിശോധിക്കും.ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസില്‍ എം ശിവശങ്കറിനെ ചോദ്യം ചെയ്യാൻ സിബിഐയും ആലോചന തുടങ്ങി.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുകളില്‍ എം ശിവശങ്കറിനെയും അന്വേഷണപരിധിയില്‍ കൊണ്ടുവരികയാണ് വിജിലന്‍സ്. പദ്ധതിയില്‍ കരാര്‍ കമ്പനിയായ യുണിടാക്കിനെ എല്ലാ ഘട്ടത്തിലും സഹായിച്ചത് ശിവശങ്കറാണെന്ന് ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസ് നല്‍കിയ മൊഴിയാണ് ഇതിനാധാരം. യുണിടാക്കിന് എല്ലാ സഹായവും ചെയ്യണമെന്നാവശ്യപ്പെട്ട് ശിവശങ്കര്‍ ജോസിനെ ഫോണ്‍ വിളിച്ചതും കുരുക്കാകും. യുണിടാക്ക് എം‍. ഡി സന്തോഷ് ഇപ്പന്‍റെ മൊഴി രേഖപ്പെടുത്തിയപ്പോഴും ശിവശങ്കറിന്‍റെ ഭാഗത്ത് നിന്ന് സഹായമുണ്ടായതായി പറഞ്ഞിരുന്നു. കരാര്‍ തയ്യാറാക്കിയതിലും ശിവശങ്കറിന് പങ്കുണ്ടോയെന്ന് പരിശോധിക്കാനാണ് വിജിലന്‍സ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

യു വി ജോസിന്‍റെ മൊഴി ഉള്‍പ്പെടെ മുന്‍ നിര്‍ത്തി ശിവശങ്കറില്‍ നിന്ന് വിവരശേഖരണം നടത്താനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. മൊഴി നല്‍കാനാവശ്യപ്പെട്ട് ഉടന്‍ നോട്ടീസ് നല്‍കും. നിലവില്‍ ശേഖരിച്ച മൊഴികളും രേഖകളും പരിശോധിച്ച ശേഷം ശിവശങ്കറിനെ സിബിഐയും ചോദ്യം ചെയ്യും. ഇതിനുള്ള നടപടിക്രമങ്ങള്‍ ഉടനാരംഭിക്കുമെന്നാണ് വിവരം.

അതിനിടെ ലൈഫ് മിഷനുമായി ബദ്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലെ കേസ് ഡയറി ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂണിടാകും ലൈഫ് മിഷനുമാണ് കോടതിയെ സമീപിച്ചത്. കേസ് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയിരിക്കെയാണ്. സി.ബി.ഐ കേസ് ഡയറി പരിശോധിക്കാൻ കോടതിയോട് ആവശ്യപ്പെട്ടത്. തുടർന്നാണ് ഇന്ന് മുദ്രവെച്ച കവറിൽ ഹാജരാക്കുന്നത്