Kerala

സ്വർണ്ണക്കടത്ത് കേസ്; റമീസിനെ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കരന്‍റെ സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്ലാറ്റിലും സ്വപ്ന സുരേഷിന്‍റെ അമ്പലമുക്കിലെ ഫ്ലാറ്റിലും അടക്കം റമീസിനെ എത്തിച്ചാണ് എൻ.ഐ.എ തെളിവെടുപ്പ് നടത്തി

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി കെ.ടി റമീസിനെ എൻ.ഐ.എ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കരന്‍റെ സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്ലാറ്റിലും സ്വപ്ന സുരേഷിന്‍റെ അമ്പലമുക്കിലെ ഫ്ലാറ്റിലും അടക്കം റമീസിനെ എത്തിച്ചാണ് എൻ.ഐ.എ തെളിവെടുപ്പ് നടത്തി.

ഇന്നലെ വൈകുന്നേരത്തോടെയാണ് സ്വർണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണിയായ കെ.ടി റമീസിനെ തെളിവെടുപ്പിനായി എൻ.ഐ.എ തിരുവനന്തപുരത്ത് എത്തിച്ചത്. ആദ്യം പ്രതികൾ ഗൂഢാലോചന നടത്തിയതായി കരുതുന്ന നഗരത്തിലെ ആഡംബര ഹോട്ടലിൽ റമീസിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും, സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷും വാടകയ്ക്ക് എടുത്ത സെക്രട്ടേറിയേറ്റിന് സമീപത്തെ ഹെതർ ഫ്ലാറ്റിലും തെളിവെടുപ്പ് നടന്നു.

പിന്നീട് സ്വപ്നയുടെ അമ്പലമുക്കിലെ ഫ്ലാറ്റിലും റമീസിനെ എത്തിച്ചു. ഇവിടങ്ങളിലെല്ലാം പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് എൻ.ഐ.എയുടെ നിഗമനം. സ്വർണ്ണക്കടത്ത് പ്രതി സന്ദീപിന്‍റെ നെടുമങ്ങാടുള്ള വീട്ടിലും മറ്റൊരു പ്രതിയായ സരിതിന്‍റെ അരുവിക്കരയിലെ വീട്ടിലും രാത്രിയോടെ എത്തി എൻ.ഐ.എ സംഘം റമീസിന്‍റെ തെളിവെടുപ്പ് പൂർത്തിയാക്കി ഇന്ന് പുലർച്ചെ 1.15 ഓടെ പ്രതിയുമായി എൻ.ഐ.എ ഉദ്യോഗസ്ഥർ കൊച്ചിയിലേക്ക് മടങ്ങി.