India Kerala

സ്വര്‍ണക്കടത്ത് കേസ്‌; യു.എഇയിലേക്ക് പണം എത്തിച്ചത് ഹവാല ഇടപാടിലൂടെയെന്ന് എന്‍.ഐ.എ

സ്വര്‍ണക്കടത്തിന് യു.എ.ഇയിലേക്ക് പണം എത്തിച്ചത് ഹവാല ഇടപാടിലൂടെയെന്ന് എന്‍.ഐ.എ. കൂടുതല്‍ പ്രതികള്‍ ദുബൈയിലുണ്ടെന്നും എന്‍.ഐ.എ വ്യക്തമാക്കി. സ്വര്‍ണക്കടത്തിന് പിന്നില്‍ വലിയ ശൃംഖലയുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നിലവില്‍ 14 പേരെ എന്‍.ഐ.എ പിടികൂടിയെന്നാണ് ഇന്നലെ കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയെ അറിയിച്ചത്. രാജ്യത്തിനകത്തും പുറത്തുമായി വലിയ നെറ്റ്‌വര്‍ക്കാണ്‌ സ്വര്‍ണക്കടത്തിന് പിന്നിലെന്നും എന്‍.ഐ.എ പറയുന്നു. ഇനിയും കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന സൂചനയാണ് എന്‍.ഐ.എ നല്‍കുന്നത്. കേസിലെ രണ്ടാം പ്രതിയായ സ്വപ്നയ്ക്ക് നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം എത്തുന്നത് കൃത്യമായി അറിയാമായിരുന്നുവെന്നതിന് തെളിവ് ലഭിച്ചതായും എന്‍.ഐ.എ വ്യക്തമാക്കുന്നുണ്ട്.

2019 നവംബര്‍ മുതല്‍ 2020 ജനുവരി വരെ മാത്രം 20 തവണ പ്രതികള്‍ സ്വര്‍ണംകടത്തിയെന്നാണ് എന്‍.ഐ.എയുടെ റിപ്പോര്‍ട്ട്. നിലവില്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്ത പ്രതികളെ എല്ലാവരേയും വീണ്ടും ചോദ്യം ചെയ്യേണ്ടിവരും. നിരവധിയാളുകള്‍ ഇതില്‍ പങ്കാളികളായിട്ടുണ്ടെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കസ്റ്റംസ് പിടികൂടിയ സ്വര്‍ണം വിട്ടുകിട്ടുന്നതിനായി സ്വപ്ന വ്യാജരേഖ ചമച്ചിട്ടുണ്ടെന്നുമാണ് കണ്ടെത്തല്‍. നാളെ സ്വപ്നയുടെ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.