Kerala

സ്വര്‍ണക്കടത്ത് കേസ്; തീവ്രവാദബന്ധത്തിന് തെളിവ് എവിടെയെന്ന് വീണ്ടും എൻ.ഐ.എ കോടതി

കള്ളക്കടത്ത് കേസുകളിലെല്ലാം യു.എ.പിഎയാണോ പ്രതിവിധിയെന്നും ഭീകരബന്ധമുണ്ടെന്ന അനുമാനത്തിന് എന്ത് അടിസ്ഥാനമാണ് ഉള്ളതെന്നും കോടതി ചോദിച്ചു

സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദബന്ധത്തിന് തെളിവ് എവിടെയെന്ന് വീണ്ടും എൻ.ഐ.എ കോടതി. കള്ളക്കടത്ത് കേസുകളിലെല്ലാം യു.എ.പിഎയാണോ പ്രതിവിധിയെന്നും ഭീകരബന്ധമുണ്ടെന്ന അനുമാനത്തിന് എന്ത് അടിസ്ഥാനമാണ് ഉള്ളതെന്നും കോടതി ചോദിച്ചു. പ്രതികളുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി പറയും. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ തീവ്രവാദം സ്ഥാപിക്കുന്നതിനുള്ള എന്ത് തെളിവ് കൈവശ്യണ്ടെന്നാണ് എന്‍.ഐ.എയോട് കോടതി ഇന്നും ആവർത്തിച്ച് ചോദിച്ചത്. അന്വേഷണം ആരംഭിച്ച് 90 ദിവസം ആകാറായിട്ടും തെളിവ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലേ എന്ന് കോടതി ചോദിച്ചു.

വിദേശ രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധം തകർക്കാൻ പ്രതികൾ ശ്രമിച്ചു, തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകി തുടങ്ങിയ ആരോപണങ്ങൾക്ക് തെളിവുകൾ എവിടെയെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇന്നും എന്‍.ഐ.എക്ക് തെളിവുകൾ കൃത്യമായി ഹാജരാക്കാനായില്ല.

വിമാനത്താവളങ്ങളിൽ വൻതോതിൽ സ്വർണക്കടത്ത് നടക്കുന്നുവെന്ന 2019ലെ കേന്ദ്ര സാമ്പത്തിക ഇന്‍റലിജൻസ് ബ്യൂറോ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം. ഇത്തരത്തിൽ രാജ്യത്ത് എത്തുന്ന പണം ഭീകരവാദത്തിന് ഉപയോഗിക്കുന്നുണ്ടെന്നും എന്‍.ഐ.എ പറഞ്ഞു. പ്രതികൾ വലിയ സ്വാധീനം ഉള്ളവരാണ്. യു.എ.ഇയെ സുരക്ഷിത കേന്ദ്രമായി പ്രതികൾ കാണുന്നത് എന്തുകൊണ്ടാണന്ന് പരിശോധിക്കേണ്ടതുണ്ട്. സാമ്പത്തിക ലാഭം ആയിരുന്നില്ല പ്രതികളുടെ ലക്ഷ്യം. മുംബൈ സ്‌ഫോടനങ്ങൾക്ക് ദാവൂദ് സംഘം പണം കണ്ടെത്തിയത് സ്വർണക്കടത്തിലൂടെയാണ്.

ഇതായിരുന്നു ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടുള്ള എന്‍.ഐ.എയുടെ പ്രധാന വാദങ്ങൾ. കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായരുടെ രഹസ്യ മൊഴി തിങ്കളാഴ്ച പരിശോധിക്കുമെന്ന് കോടതി അറിയിച്ചു. ശേഷം ചൊവ്വാഴ്ച ജാമ്യാപേക്ഷകളിൽ വിധി പറയും.