നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത് കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സ്വപ്‍ന സുരേഷ് അടക്കമുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ ഐ എ സമർപ്പിച്ച ഹർജിയാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട യുഎപി എ കേസിലാണ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത് ജാമ്യം അനുവദിച്ചത്.
ഇതിനിടെ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന് ശമ്പളമായി നൽകിയ തുക തിരിച്ച് നൽകാനാവില്ലെന്ന് പിഡബ്ല്യുസി അറിയിച്ചു. സംസ്ഥാന സർക്കാരിന് കീഴിലെ കെ എസ് ഐ ടി ഐ എല്ലിന്റെ ആവശ്യത്തോടാണ് കമ്പനി മുഖം തിരിച്ചത്. തുക ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ അയച്ച കത്തിന് തുക നൽകില്ലെന്ന് പിഡബ്ല്യുസി മറുപടി നൽകി. വിഷയത്തിൽ കെ എസ് കെ ടി ഐ എൽ നിയമോപദേശം തേടി. സ്വപ്നയ്ക്ക് ശമ്പളമായി നൽകിയ 19 ലക്ഷം രൂപ തിരികെ നൽകണമെന്നായിരുന്നു ആവശ്യം.
വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാണ് സ്വപ്ന സുരേഷ് സ്പേസ് പാർക്കിൽ ജോലി നേടിയതെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ശമ്പളം തിരികെ നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. സംസ്ഥാന സർക്കാരിന് സംഭവിച്ച നഷ്ടം തിരികെ പിടിക്കണമെന്ന ധനപരിശോധന വിഭാഗത്തിന്റെ റിപ്പോർട്ടിലായിരുന്നു സർക്കാർ നടപടി. കൺസൽട്ടൻസി കമ്പനിയായ പിഡബ്ല്യുസിയാണ് സ്വപ്നയെ നിയമിച്ചതെന്നും, അതിനാൽ സ്വപ്നയ്ക്ക് ശമ്പളമായി നൽകിയ തുക തിരികെ നൽകണമെന്നുമാണ് കെഎസ്ഐടിഐഎൽ, പിഡബ്ല്യുസിക്ക് നൽകിയ കത്ത്.