തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി അഡ്വ. എം ബിജു കൊച്ചി ഡി.ആ.ര്‍.ഐ ഓഫിസില്‍ കീഴടങ്ങി. രാവിലെ പത്തരയോടെ അഭിഭാഷകനൊപ്പം എത്തിയാണ് ബിജു കീഴടങ്ങിയത്. ബിജു നേരിട്ടും സ്വര്‍ണം കടത്തിയതായി ഡി.ആര്‍.ഐയ്ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്.
വ്യാഴാഴ്ച ബിജുവിന്റെ മുൻകൂർ ജാമ്യാപേക്ഷേ പരിഗണിച്ച ഹൈക്കോടതി വെള്ളിയാഴ്ച് പത്തുമണിക്കകം കീഴടങ്ങാൻ നിർദേശിച്ചിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് നിയന്ത്രിക്കുന്നത് ബിജുവാണെന്നാണ് നിഗമനം. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അതേ സമയം ഡി.ആർ.ഐയുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ചതിന് ശേഷമേ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കാവൂ എന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. ദുബായിൽ നിന്ന് കടത്തി കൊണ്ടുവന്ന 25 കിലോ ഗ്രാം സ്വർണം ഈ മാസം 13ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പിടികൂടിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ബിജുവിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സ്വർണ കടത്ത് ലോബിയിലേക്ക് അന്വേഷണം നീങ്ങിയത്.
ബിജുവിന്റെ ഭാര്യയടക്കം അറസ്റ്റിലായ പത്തിലധികം പ്രതികൾ സ്വർണകടത്തിൽ ബിജുവിന്റെ പങ്കിനെക്കുറിച്ച് മൊഴി നൽകിയിട്ടുണ്ട്. പി.പി.എം ചെയിൻസ് ഉടമ മുഹമ്മദലിക്ക് വേണ്ടിയാണെന്നാണ് സ്വർണ കടത്ത് നടത്തിയതെന്നാണ് സൂചന. ഇയാളുടെ തിരുവനന്തപുരത്തെ ഷോറൂമിലും കോഴിക്കോടിലെ വീട്ടിലും ഡി.ആർ.ഐ റെയ്ഡ് നടത്തി.