Kerala

കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെതിരെയുള്ള കൂട്ടുപ്രതികളുടെ മൊഴി ശക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് മറ്റു പ്രതികളുടെ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളതെന്ന ശിവശങ്കറിന്റെ വാദം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്ന് ആരോപിച്ചു. അടുത്തകാലം വരെ ഉന്നത പദവിയിൽ ഇരുന്ന ശിവശങ്കറിന് ജാമ്യം നൽകിയാൽ അന്വേഷണത്തിൽ സ്വാധീനിക്കാൻ എളുപ്പമാണെന്നും കോടതി നിരീക്ഷിച്ചു. കള്ളക്കടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവേരയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കോടതി ആവശ്യപ്പെടുകയുണ്ടായി.

ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞാണ് ശിവശങ്കർ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകളൊന്നും ഇതുവരെ ശിവശങ്കർ സമർപ്പിച്ചിട്ടില്ല. മാത്രമല്ല ആരോഗ്യ കാരണങ്ങൾ കാരണം സർവീസിലിരിക്കുമ്പോൾ ശിവശങ്കർ അവധിയെടുത്തതായി തെളിവുകളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റ് ഭയന്ന് ശിവശങ്കർ ആശുപത്രിയിൽ ഒളിച്ചുവെന്ന പോലീസിന്റെ വാദത്തെ ശെരിവെച്ച കോടതി ഒന്നിൽ കൂടുതൽ ഫോണുകൾ ഉപയോഗിക്കുന്ന കാര്യം ഇദ്ദേഹം മറച്ചുവെച്ചുവെന്നും പരാമർശിച്ചു. സ്വപ്ന സുരേഷുമൊന്നിച്ച് ശിവശങ്കർ യു.എ.ഇയിലേക്ക് ഏഴ് തവണ യാത്ര ചെയ്തിട്ടുണ്ടെന്ന കസ്റ്റംസിന്റെ ആരോപണവും ശിവശങ്കറിന്റെ മൊഴിയും നിരീക്ഷിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.