Kerala

സ്വര്‍ണക്കടത്ത് കേസ്: സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണം ഗൗരവതരമെന്ന് അനുരാഗ് സിംഗ് ഠാക്കൂര്‍

സ്വര്‍ണക്കടത്ത് കേസ് അതീവ ഗൗരവകരമെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍. സ്വര്‍ണക്കടത്ത് കേസിന് പിന്നില്‍ ഉന്നതരുണ്ടെന്ന് കരുതുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണം ഗുരുതരമാണ്. സ്വര്‍ണക്കടത്തിന് പിന്നിലാരെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.സ്വര്‍ണം ആരയച്ചു, ആര്‍ക്കയച്ചു എന്നത് അന്വേഷണ ഏജന്‍സി കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്വേഷണം വൈകുന്നു എന്നത് ശരി വച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. എന്നിരുന്നാലും കേസന്വേഷണത്തിന് എടുക്കുന്ന സമയം ഏജന്‍സിയുടെ അന്വേഷണ രീതിയേയും കേസിനേയും ആശ്രയിച്ചിരിക്കുന്നു. ഈ ഘട്ടത്തില്‍ അന്വേഷണത്തെക്കുറിച്ച് അഭിപ്രായം പറയാനോ ഇടപെടാനോ ഇല്ലെന്ന് അനുരാഗ് ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യ പ്രതിയുടെ വെളിപ്പെടുത്തലുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി അനുരാഗ് ടാക്കൂര്‍ പറഞ്ഞു. നയതന്ത്ര ബാഗേജ് വഴിയാണ് സ്വര്‍ണമയച്ചതെന്ന നിലപാടില്‍ മന്ത്രി ഉറച്ചുനില്‍ക്കുന്നു. മൊഴികളും തെളിവുകളും അതീവ ഗൗരവത്തോടെ കാണുന്നു. ഇതേ ഗൗരവത്തോടെ തന്നെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുവെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.