തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക വഴിത്തിരിവ്. ബാലഭാസ്കറിന്റെ മരണശേഷമാണ് പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും സ്വർണ്ണം കടത്തിയതെന്നാണ് ഡി.ആർ.ഐയുടെ കണ്ടെത്തൽ. ബാലഭാസ്കർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ വിദഗ്ധ സംഘം പരിശോധിച്ചു.
ബാലഭാസ്കറിന്റെ മരണ ശേഷം പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും ചേർന്ന് പത്തിലധികം തവണ സ്വർണം കടത്തി. പ്രകാശ്തമ്പി 60 കിലോയും വിഷ്ണു 150 കിലോയോളം സ്വർണം എത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ പത്തിലേറെ തവണ സ്വർണകടത്തിന് വേണ്ടി പ്രതികള് സഞ്ചരിച്ചതായും ഡിആർ ഐയ്ക്ക് തെളിവ് ലഭിച്ചു. ബാലഭാസ്കറിന്റെ സുഹൃത്തും പ്രോഗ്രാം കോർഡിനേറ്ററുമായിരുന്ന പ്രകാശ് തമ്പി സ്വർണകടത്ത് കേസിൽ പ്രതിയായതോടെ ബാലഭാസ്കറിന്റെ അപകടവുമായി ബന്ധപ്പെട്ട കേസിൽ നിരവധി വെളിപ്പെടുത്തലുകള്‍ ഉണ്ടായി. തുടർന്നാണ് സ്വർണക്കടത്തും ബാലഭാസ്കറിന്റെ മരണവുമായി ബന്ധമുണ്ടോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.
എന്നാൽ ഡി.ആർ.ഐയ്ക്ക് ലഭിച്ച പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ബാലഭാസ്കറുടെ മരണ ശേഷമാണ് പ്രതികള്‍ സ്വർണകടത്തല്‍ ആരംഭിച്ചതെന്നാണ് കണ്ടെത്തല്‍. എന്നാൽ അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് അർജുനാണെന്നും ബാലഭാസ്കർ ആയിരുന്നെന്നും വ്യത്യസ്തമായ മൊഴിയാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നത്. ഇതേ തുടർന്നാണ് ഇന്നോവ കാർ വീണ്ടും പരിശോധിച്ചത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് പുറമെ ഫോറൻസിക് സംഘവും മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരും ടയോട്ട കമ്പനി സാങ്കേതിക വിദഗ്ധരും പരിശോധനയ്ക്കെത്തിയിരുന്നു. വാഹനം ഓടിച്ചിരുന്നത് അർജുൻ തന്നെയാകുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാധമിക വിലയിരുത്തൽ.