India Kerala

കളളക്കടത്ത് സ്വര്‍ണ്ണം വ്യാപകമാകുന്നതിനെതിരെ പരാതിയുമായി വ്യാപാരികള്‍

കേരളത്തിലേക്ക് കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് സ്വര്‍ണ്ണം എത്തുന്നുവെന്ന ആരോപണവുമായി സ്വര്‍ണ വ്യാപാരികളുടെ സംഘടന. നികുതികളടക്കാതെ എത്തുന്ന ഇത്തരം സ്വര്‍ണ്ണങ്ങള്‍ വില കുറച്ച് വില്‍ക്കുന്നതിനാല്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന കടകളുടെ നിലനില്‍പ്പ് ഭീഷണിയിലാണന്നും സംഘടന പറയുന്നു. നിയമ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനമെന്ന് കേരള ജ്വല്ലറി അസോസിയേഷന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എം.പി അഹമ്മദ് പറഞ്ഞു.

വിദേശ രാജ്യങ്ങളില്‍ നിന്ന് ബോംബെ വഴിയും അല്ലാതെയും എത്തുന്ന കള്ളക്കടത്ത് സ്വര്‍ണ്ണങ്ങള്‍ കേരളത്തിലേക്ക് വ്യപകമായി ഒഴുകുന്നുവെന്നാണ് വ്യാപാരികളുടെ സംഘടന പറയുന്നത്. കൂടുതല്‍ സ്വര്‍ണ്ണങ്ങളും എത്തുന്നത് കരിപ്പൂര്‍, കൊണ്ടോട്ടി, കൊടുവള്ളി എന്നിവടങ്ങളിലേക്കാണ്. അവിടെ നിന്ന് ഉപഭോക്താക്കളിലേക്ക് വിലകുറച്ച് സ്വര്‍ണ്ണം എത്തുന്നു. കേരളത്തിലെ പ്രമുഖ ജ്വല്ലറികളില്‍ ജോലി ചെയ്തിരുന്ന പലരും ഇപ്പോള്‍ ഇത്തരം സംഘങ്ങളുടെ ഭാഗമാണ്.

അനധികൃത സ്വര്‍ണ്ണ കച്ചവടക്കാരെ നികുതിയുടെ പരിധിയില്‍ കൊണ്ടുവന്നാല്‍ ആറായിരം കോടി രൂപ സര്‍ക്കാരിന് നികുതിയായി ലഭിക്കും. നിയമപരമായി പ്രവര്‍ത്തിക്കുന്ന ജ്വല്ലറികളെ കാലഹരണപ്പെട്ട വാറ്റ് നിയമങ്ങളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ പീഢിപ്പിക്കുന്നുവെന്ന പരാതിയും സംഘടനക്കുണ്ട്.