India Kerala National

കുത്തനെ കുറഞ്ഞ് സ്വര്‍ണ്ണവില; വിപണിയില്‍ കൊടിയ മാന്ദ്യം

സ്വര്‍ണവിലയിലെ ഈ ഇടിവ് ഇനിയും തുടര്‍ന്നേക്കാമെങ്കിലും വീണ്ടും തിരിച്ചുവരുമെന്നാണ് കരുതപ്പെടുന്നത്

റെക്കോഡ് വിലയിലേക്ക് കുതിച്ച സ്വര്‍ണ്ണത്തിന് വില കുറഞ്ഞു. പവന് ഒറ്റയടിക്ക് കുറഞ്ഞത് 1200 രൂപ. ഇതോടെ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുകയാണോ എന്ന ചോദ്യങ്ങളാണ് ഉയര്‍ന്നുവരുന്നത്. മാര്‍ച്ച് ഒമ്പതിന് സ്വര്‍ണവില സര്‍വകാല റെക്കോഡിലേക്ക് കുതിച്ച് 32,320 രൂപയിലേക്ക് എത്തിയിരുന്നു. ഇപ്പോള്‍ പവന് 30600 രൂപയായിരിക്കുകയാണ്. ഈ അടുത്ത കാലത്തൊന്നും ഇത്ര കുത്തനെ ഒരു വിലയിടിവ് സംഭവിച്ചിട്ടില്ല. നാല് ദിവസം കൊണ്ട് 1750 രൂപ കുറഞ്ഞപ്പോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണ വിലയിടിവായി ഇത് മാറി.

സ്വര്‍ണവിലയിലെ ഈ ഇടിവ് ഇനിയും തുടര്‍ന്നേക്കാമെങ്കിലും വീണ്ടും തിരിച്ചുവരുമെന്നാണ് കരുതപ്പെടുന്നത്. എണ്ണ വിലയിലെ ഇടിവ് നിക്ഷേപകരെ ഭയപ്പെടുത്തിയിരിക്കുന്ന ഈ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ഇവര്‍ സ്വര്‍ണത്തിലേക്ക് തന്നെ തിരിച്ചുവരും എന്നാണ് കരുതപ്പെടുന്നത്. വിപണിയിലെ ഏറ്റവും വലിയ വിലയിടിവ് കാരണം കോവിഡ് 19 തന്നെയാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.