Kerala

‘എന്റെ പഠന ചെലവ് കണ്ടെത്താൻ അമ്മ കൃഷിപ്പണിയെടുത്തു; പുല്ല് കെട്ട് ചുമന്ന് ചന്തകളിൽ വിറ്റു… ‘ വനിതാ ദിനത്തിൽ ഗോകുലം ഗോപാലന്റെ ഹൃദയസ്പർശിയായ കുറിപ്പ്…

വനിതാ ദിനത്തിൽ അമ്മയെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി ഫൽവേഴ്‌സ് ചെയർമാൻ ഗോകുലം ഗോപാലൻ. വടകരയിലെ നാട്ടിൻപുറത്തെ ശരാശരി കുടുംബത്തിൽ നിന്ന് താൻ ഇന്ന് ഈ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ അമ്മയാണെന്ന് ഗോകുലം ഗോപാലൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ( gokulam gopalan about mother womens day )

തന്റെ പഠനച്ചെലവിനായി ചൊവ്വാഴ്ച ചന്തകളിൽ അമ്മ പുല്ല് കെട്ട് ചുമന്നുവിറ്റ കഥയുൾപ്പെടെ പങ്കുവച്ച് ഹൃദയസ്പർശിയായ കുറിപ്പാണ് ഗോകുലം ഗോപാലൻ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

ഇന്ന് വനിതാ ദിനമാണ്.
വടകരയിലെ ഒരു നാട്ടിൻപുറത്ത്, ഒരു ശരാശരി കുടുംബത്തിൽ ജനിച്ചു വളർന്ന ഗോപാലൻ എന്ന കുട്ടിയെ ഇന്നത്തെ ഗോകുലം ഗോപാലൻ ആക്കി മാറ്റിയത് എന്റെ അമ്മയാണ്, അമ്മയുടെ സ്‌നേഹവും കഠിനാധ്വാനവും ദീർഘവീക്ഷണവുമാണ്.
പത്താം ക്ലാസ് പൂർത്തിയാക്കുന്നത് പോലും ഒരു മഹാകാര്യം ആണെന്ന് കരുതപ്പെട്ടിരുന്ന അക്കാലത്ത്,മകനെ ബിരുദാനന്തര ബിരുദധാരിയാക്കാൻ എന്റെ അമ്മ നാട്ടിൽ ലഭ്യമായ എല്ലാ കൃഷി പണിയും ചെയ്തു. പുല്ല് കെട്ട് ചുമന്ന് ചൊവ്വാഴ്ച ചന്തകളിൽ വിറ്റു. നാട്ടുനടപ്പ് അനുസരിച്ച് മകനെയും തന്നോടൊപ്പം കൃഷിപ്പണിക്ക് കൂട്ടണം എന്ന് വാശി പിടിച്ച അച്ഛനോട് എന്റെ പഠനത്തിനായി നിരന്തരം കലഹിച്ചു. പത്താം തരം കഴിഞ്ഞ് പട്ടാളത്തിൽ ചേരാൻ പോയ എന്നെ നിർബന്ധപൂർവ്വം മടക്കി കൊണ്ട് വന്നു. എന്റെ നിയോഗം മറ്റൊന്നാണ് എന്ന് അമ്മ അന്നേ തിരിച്ചറിഞ്ഞിരുന്നിരിക്കണം. ഒരു വനിതാ ദിനത്തിൽ, മരിക്കുവോളം എന്റെ വിജയത്തിനായി പരിശ്രമിച്ച എന്റെ അമ്മയെയല്ലാതെ മറ്റാരെയാണ് ഞാൻ അഭിമാനത്തോടെ ഓർക്കുക.
കേരളത്തിലെ ഓരോ ശ്രീനാരായണീയ ഭവനങ്ങളിലും ഇതുപോലെയുള്ള അമ്മമാരുണ്ട്. എന്നാൽ
നേതാവിനെ സ്വീകരിക്കാൻ താലപ്പൊലി പിടിക്കാനും സെറ്റ് മുണ്ടുടുത്ത് ബാനർ പിടിക്കാനും പീത വസ്ത്രം ധരിച്ച് തെരുവിൽ ശക്തി പ്രകടനം നടത്തുമ്പോൾ എണ്ണം തികയ്ക്കാനും മാത്രമാണ് കേരളത്തിലെ ഈഴവ സ്ത്രീകൾക്ക് സാധിക്കുക എന്ന് കരുതുന്നവരാണ് ഇന്ന് സമുദായത്തെ നയിക്കുന്നത് എന്നതാണ് അവർക്കു വന്നു പെട്ട ദുർവിധി.
കേരളത്തിലെ ഈഴവ സ്ത്രീകളുടെ വിദ്യാഭ്യാസം, തൊഴിൽ സംരംഭകത്വം, ശാക്തീകരണം എന്നിവയ്ക്കായി ഭാവനാപൂർണമായ, കാലാനുസൃതമായ പദ്ധതികൾക്ക് രൂപം നൽകാൻ നമുക്ക് സാധിക്കണം. വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടിച്ചു ശക്തരാകാനും ഗുരുദേവൻ പറഞ്ഞത് കേരളത്തിലെ യുവാക്കളോട് മാത്രമല്ല യുവതികളോടുമാണ്.
ഈ സാഹചര്യത്തിന് ഒരു മാറ്റം വരുത്തുക എന്നത് എന്റെ നിയോഗമാണ്. കുടുംബത്തിനു വേണ്ടി ജീവിതം പോരാട്ടമാക്കിയ എന്റെ അമ്മയെപ്പോലുള്ള നിരവധി അമ്മമാരോടുള്ള ബാധ്യതയാണ് അത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
ഏവർക്കും വനിതാ ദിനാശംസകൾ.
സ്‌നേഹത്തോടെ
ഗോകുലം ഗോപാലൻ.