India Kerala

കന്യാസ്ത്രീകള്‍ക്കെതിരെ ഗ്ലോബല്‍ ക്രിസ്ത്യന്‍ കൌണ്‍സില്‍; മാവോയിസ്റ്റ് ബന്ധമുള്ളവരെന്ന് ആരോപണം

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നില്‍ക്കുന്ന കന്യാസ്ത്രീകളെ പിന്തുണക്കുന്നത് മാവോയിസ്റ്റുകളാണെന്ന ആക്ഷേപവുമായി ഗ്ലോബല്‍ ക്രിസ്ത്യന്‍ കൌണ്‍സില്‍. ഇക്കാര്യം അറിയാവുന്നത് കൊണ്ടാണ് സഭ വിഷയത്തില്‍ ഇടപെടാത്തത്. സഭയെ പ്രതിരോധത്തിലാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് കന്യാസ്ത്രീമാര്‍ പിന്‍മാറണമെന്നും ഗ്ലോബല്‍ ക്രിസ്ത്യന്‍ കൌണ്‍സില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു .

പീഡന വിവരം പുറത്ത് വന്നത് മുതല്‍ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. സേവ് അവര്‍ സിറ്റേഴ്സ് എന്ന പേരില്‍ ഒരു സംഘന തന്നെ കന്യാസ്ത്രീകള്‍ക്ക് പിന്തുണ നല്കാന്‍ രൂപീകരിച്ചു. ഇവര്‍ നടത്തിയ സമരത്തിന്റെ സമ്മര്‍ദ്ദത്തിലാണ് ഫ്രങ്കോയുടെ അറസ്റ്റിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങിയത്. എന്നാല്‍ പിന്തുണയുമായി എത്തുന്നവര്‍ക്ക് മാവോയിസ്റ്റ് നക്സല്‍ ബന്ധമുണ്ടെന്നാണ് ഗ്ലോബല്‍ ക്രിസ്ത്യന്‍ കൌണ്‍സിലിന്റെ ആരോപണം. ഇത്തരക്കാര്‍ പിന്തുണ നല്കുന്നത് കൊണ്ടാണ് സഭയും കന്യാസ്ത്രീകളുടെ പരാതികള്‍ കാര്യമായി എടുക്കാത്തതെന്നും ഇവര്‍ വാദിക്കുന്നു.

കേരളത്തില്‍ നടന്ന പല മാവോയിസ്റ്റ് കേസുകളിലും ഇത്തരക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരുമായി ചേര്‍ന്ന് സഭയെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാടാണ് കന്യാസ്ത്രീകള്‍ ചെയ്യുന്നതെന്നും ഗ്ലോബല്‍ ക്രിസ്ത്യന്‍ കൌണ്‍സില്‍ പറയുന്നു. ഇത്തരക്കാരുമായി ഇനിയും കന്യാസ്ത്രീകള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ അതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും ഗ്ലോബല്‍ ക്രിസ്ത്യന്‍ കൌണ്‍സില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോട്ടയത്ത് നടത്തിയ ഐക്യദാര്‍ഢ്യ സമ്മേളനത്തിലേക്കും ഇവര്‍ പ്രതിഷേധം നടത്തിയിരുന്നു.