Kerala

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപെട്ട സംഭവം; രണ്ട് യുവാക്കള്‍ കസ്റ്റഡിയില്‍

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപെട്ട സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാക്കളെയാണ് മടിവാള പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവാക്കള്‍ തൃശൂര്‍, കൊല്ലം സ്വദേശികളാണ്.

പൊലീസ് സംഘം മടിവാളയിലേക്ക് പുറപ്പെട്ടെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ എ.വി ജോര്‍ജ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത് യുവാക്കളുടെ ബൈക്കുകളിലാണ് പെണ്‍കുട്ടികള്‍ രക്ഷപെടാന്‍ ശ്രമിച്ചത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

ഇന്നലെയാണ് വെള്ളിമാടുകുന്നുള്ള ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപെട്ട പെണ്‍കുട്ടികള്‍ ട്രെയിന്‍ മാര്‍ഗം ബെംഗളൂരുവില്‍ എത്തിയത്. തുടര്‍ന്ന് മടിവാളയില്‍ എത്തിയ കുട്ടികള്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലില്‍ മുറിയെടുക്കാന്‍ ശ്രമിച്ചു. സംശയം തോന്നിയ ജീവനക്കാര്‍ കുട്ടികളോട് തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടു. രേഖകളില്ലാത്തതിനെ തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ തടയുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. സഹോദരിമാര്‍ ഉള്‍പ്പെടെ ആറുപേരാണ് കൂട്ടത്തിലുണ്ടായിരുന്നത്. ഇവരില്‍ ഒരാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും മറ്റ് അഞ്ച് കുട്ടികളും ഓടിരക്ഷപെട്ടു.