India Kerala

ജീയോ ട്യൂബ് ഉപയോഗിച്ച് നിര്‍മിക്കുന്ന കടല്‍ ഭിത്തിയുടെ നിര്‍മാണം അനിശ്ചിതത്വത്തില്‍

ഓഖി വ്യാപക നാശം വിതച്ച കൊച്ചി ചെല്ലാനം തീരത്ത് ജീയോ ട്യൂബ് ഉപയോഗിച്ച് നിര്‍മിക്കുന്ന കടല്‍ ഭിത്തിയുടെ നിര്‍മാണം അനിശ്ചിതത്വത്തില്‍. ഒരു മാസം പിന്നിടുമ്പോഴും നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. അധികൃതരുടെയും കരാറുകാരുടെയും അനാവസ്ഥയാണ് കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം

ഓഖി വ്യാപക നാശം വിതച്ച കൊച്ചി ചെല്ലാനം തീരമേഖലയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ജിയോ ട്യൂബ് ഉപയോഗിച്ച് കടല്‍ഭിത്തി നിര്‍മിക്കുമെന്നാണ് അധികാരികള്‍ ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഏറെ വൈകി പ്രവ‍ര്‍ത്തി ആരംഭിച്ചെങ്കിലും നിര്‍മാണം മന്ദഗതിയിലാണ്. ഇതോടൊപ്പം ട്യൂബില്‍ മണല്‍ നിറക്കുന്ന പ്രവ‍ര്‍ത്തി അശാസ്ത്രീയമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. 25 മീറ്റര്‍ നീളമുള്ള ട്യൂബിന് 2.5 മീറ്റര്‍ ഉയരമാണ് വേണ്ടത്. ആറ് മണിക്കൂര്‍ കൊണ്ട് ട്യൂബ് നിറയ്ക്കാന്‍ സാധിക്കുമെന്നായിരുന്നു നിര്‍മാണ ഏജന്‍സിയുടെ അവകാശവാദം. എന്നാല്‍ ജിയോ ട്യൂബ് ഒരടി പോലും ഉയര്‍ത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

നിലവില്‍ ചെല്ലാനം വേളാങ്കളി പള്ളിയുടെ സമീപത്താണ് പ്രവൃത്തി ആരംഭിച്ചിരിക്കുന്നത്. അനാവസ്ഥ തുടരുന്ന സാഹചര്യമുണ്ടായല്‍ മഴക്കാലത്തിന് മുന്‍പ് കമ്പനിപ്പടി , ബസാര്‍ എന്നിവിടങ്ങളിലും പണി പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. ആവശ്യമായ യന്ത്രസാമക്രികള്‍ ഇല്ലാത്തതാണ് പ്രവൃത്തി മന്ദഗതിയിലാവാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.