ദുരന്തമുണ്ടായ നിലമ്പൂർ കവളപ്പാറയിൽ ജിയോളജി സംഘം ഇന്ന് പരിശോധന നടത്തും. അതേസമയം മണ്ണിടിച്ചലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. ഇതുവരെ ദുരന്തത്തിൽ മരിച്ച 48 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
കവളപ്പാറയിലുണ്ടായ മണ്ണിടിച്ചലിന്റെ കാരണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ജിയോളജി സംഘത്തിന്റെ പരിശോധന. 3 ടീമുകളാണ് ഇന്ന് നിലമ്പൂർ താലുക്കിലെത്തുന്നത്. ദുരന്തമുണ്ടായ സ്ഥലത്തും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും സംഘം പരിശോധന നടത്തും.
അതേസമയം ഇനി കണ്ടെത്താനുള്ള 11 പേർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. എൻ.ഡി.ആർ.എഫിന്റെയും ഫയർഫോഴ്സിന്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് തെരച്ചിൽ പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം തയ്യാറാക്കിയ മാപ്പ് പ്രകാരമായിരിക്കും പതിമൂന്നാം ദിവസത്തെയും തെരച്ചിൽ. എന്നാൽ ജില്ലയിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നതിനാൽ മഴക്കുള്ള സാധ്യതയുണ്ട്. ഇത് ഒരു പക്ഷെ തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചേക്കും.
പുത്തുമലയിലും ഇന്ന് തെരച്ചില്‍ തുടരും
വയനാട് പുത്തുമലയില്‍ കാണാതായവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ പുഴയോരത്ത് തുടരുകയാണ്. തെരച്ചിലിനായി നിയോഗിച്ച പ്രത്യേക സംഘത്തോടൊപ്പം നാട്ടുകാരും സന്നദ്ധ സേവകരും സൂചിപ്പാറ ഏലവയൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടത്തുന്നത്.പുത്തുമലയില്‍ മണ്ണ് മൂടിയ സ്ഥലത്തെ തിരച്ചില്‍ ഭാഗികമായി നിര്‍ത്തി.
അഗ്നിശമന സേനാ വിഭാഗം വനംവകുപ്പ് എൻഡിആർഎഫ് തുടങ്ങിയവയുടെ പ്രതിനിധികളെ ഉൾക്കൊള്ളിച്ച് നിയോഗിച്ച 12 അംഗ സംഘത്തിന് പുറമേ പ്രദേശവാസികളും സന്നദ്ധ സേവകരും ചേർന്നാണ് ഏലവയൽ പുഴയിൽ തെരച്ചിൽ തുടരുന്നത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് കഴിഞ്ഞ ദിവസം ശരീര ഭാഗങ്ങൾ കണ്ടെത്തിയെങ്കിലും തുടർന്നുള്ള ശ്രമം വിഫലമാവുകയായിരുന്നു. ദുരന്തത്തെ തുടർന്ന് കാണാതായ 5 പേർക്കായാണ് ഇപ്പോൾ തെരച്ചിൽ നടക്കുന്നത്. ചൂരൽമല യിലെ സന്നദ്ധസംഘം നടത്തിയ തെരച്ചിലിൽ കഴിഞ്ഞദിവസങ്ങളിൽ 2 പേരുടെ മൃതദേഹം കണ്ടെടുത്ത സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ ദൗത്യം.
പുത്തുമലയില്‍ നിന്ന് ഒഴുകിപ്പോയ സ്വിഫ്റ്റ് ഡിസൈര്‍ കാറും ഏഴ് കിലോമീറ്റര്‍ മാറി പുഴയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനകം കണ്ടെത്തിയ 12 മൃതദേഹങ്ങളിൽ 10 പേരെയാണ് തിരിച്ചറിഞ്ഞത്.