കൊല്ലത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സിനിമാ താരങ്ങള്‍ കൂടിയായ ജനപ്രതിനിധികളാണ് മുഖ്യ ആകര്‍ഷണം. എം.എല്‍.എമാരായ കെ.ബി ഗണേഷ് കുമാറിന്റെയും എം.മുകേഷിന്റെയും നർമ്മം കലർത്തിയ പ്രസംഗങ്ങളാണ് ഇത്തവണ ഹിറ്റ്. സിനിമാരംഗങ്ങളൊക്കെ കോര്‍ത്തിണക്കിയുള്ള പ്രസംഗങ്ങള്‍ക്ക് നിറഞ്ഞ കയ്യടിയും ലഭിക്കുന്നുണ്ട്. രാഷ്ട്രീയ ചര്‍ച്ചകളും ആരോപണ പ്രത്യാരോപണങ്ങളുമൊക്കെയായി കൊല്ലത്ത് തെരഞ്ഞെടുപ്പ് ചൂട് കൊടുമ്പിരി കൊള്ളുകയാണ്
ഈ ചൂടിനിടയില്‍ നര്‍മ്മത്തിലൂടെ എതിരാളികളെ ട്രോളി ഇടത് സ്ഥാനാര്‍ഥിക്കായി വോട്ടഭ്യര്‍ഥിക്കുകയാണ് എം.എല്‍.എമാരായ മുകേഷും ഗണേശ് കുമാറും. എന്‍.ഡി.എ സ്ഥാനാര്‍ഥിയായ കെ.വി സാബുവായിരുന്നു ഗണേഷ് കുമാറിന്റെ ആദ്യ ഇര. ഇടതുമുന്നണി വിട്ട ആർ.എസ്.പി നേതാക്കള്‍ക്ക് മുകേഷിന്റെ പരിഹാസം. ബൈപ്പാസ് ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തി ശരണം വിളിച്ചവരേയും മുകേഷ് വെറുതെ വിട്ടില്ല. വിവാദങ്ങൾ ഒഴിച്ച് നിർത്തിയുള്ള ട്രോൾ പ്രസംഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് വേദികളിൽ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.