Kerala

സി.ഇ.ടിക്ക് സമീപത്തെ ബസ് സ്റ്റോപ്പിൽ ജൻഡർ ന്യൂട്രൽ ബസ് ഷെൽറ്റർ നിർമ്മിക്കും; പ്രഖ്യാപനവുമായി ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മാറ്റിയതിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തോട് പ്രതികരിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. ഇക്കാര്യത്തിൽ ശക്തമായി പ്രതികരിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുകയാണെന്നും നഗരസഭയുടെ നേതൃത്വത്തിൽ അവിടെ ജൻഡർ ന്യൂട്രൽ ആയ ബസ് ഷെൽട്ടർ നിർമ്മിക്കുമെന്നും ആര്യ രാജേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുമിച്ച് ഇരിക്കാൻ നമ്മുടെ നാട്ടിൽ വിലക്കുണ്ടെന്ന് കരുതുന്നവർ കാളവണ്ടി യുഗത്തിൽ തന്നെയാണ് ജിവിക്കുന്നതെന്നും അവർ വിമർശിച്ചു.

ആണും പെണ്ണും അടുത്തിരിക്കുന്നുവെന്ന് പറഞ്ഞ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മാറ്റിയതിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ ചുട്ടമറുപടിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് മുൻ എം.എൽ.എ വി.ടി ബൽറാമും ഫെയ്സ് ബുക്ക് പോസ്റ്റിട്ടിരുന്നു. തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിന് സമീപത്തെ വെയ്റ്റിംഗ് ഷെഡിലെ ബെഞ്ച് ചിലർ മുറിച്ചു മൂന്നു സീറ്റുകളാക്കി മാറ്റിയിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂട്ടംകൂടി ഇരിക്കുന്നു എന്നായിരുന്നു ഇവരുടെ പരാതി. ഇതിന് മറുപടിയായി വെയ്റ്റിംഗ് ഷെഡിൽ ഒരുമിച്ചിരിക്കുന്ന ചിത്രമാണ് വിദ്യാർഥികൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

”വിശദീകരണങ്ങളുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. തിരുവനന്തപുരം സിഇടിയിലെ വിദ്യാർത്ഥികൾക്ക് അഭിവാദനങ്ങൾ”. ‍- വിടി ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട് മുൻ എം.എൽ.എ കെ.എസ്. ശബരീനാഥനും ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ”CET (തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ്) പരിസരത്തുള്ള വെയ്റ്റിംഗ് ഷെഡിലെ ബെഞ്ച് ചില സദാചാരവാദികൾ മുറിച്ചു മൂന്നു സീറ്റുകളാക്കി മാറ്റി. വിദ്യാർഥികൾ, ആൺകുട്ടികളും പെൺകുട്ടികളും കൂട്ടംകൂടി ഇരിക്കുന്നു എന്നായിരുന്നത്രെ പരാതി! ഇതിന് മനോഹരമായ ഒരു മറുപടി CET യിലെ മിടുക്കർ നൽകി. അവർ കൂട്ടുകാരെല്ലാവരും ചേർന്നു ഈ സീറ്റുകളിൽ അങ്ങ് ഒത്തുകൂടി….
ഒരു മിന്നലുമടിച്ചില്ല മാനവും ഇടിഞ്ഞില്ല, CETക്കാർക്ക് ഒരു മനസ്സാണ് എന്ന് വീണ്ടും തെളിയിച്ചു”. – ശബരീനാഥൻ ഫെയ്സ് ബുക്കിൽ കുറിച്ചു.

ആര്യ രാജേന്ദ്രന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിന് അടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടം മുറിച്ച് മൂന്നാക്കിയത് അനുചിതവും പുരോഗമന സമൂഹത്തിന് ചേരാത്തതുമാണ്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുമിച്ച് ഇരിക്കാൻ നമ്മുടെ നാട്ടിൽ വിലക്കൊന്നുമില്ല. അങ്ങനെ ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ അവർ ഇപ്പോഴും കാളവണ്ടി യുഗത്തിൽ തന്നെയാണെന്ന് കരുതേണ്ടി വരും. ഇക്കാര്യത്തിൽ ശക്തമായി പ്രതികരിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നു. പ്രതികരണശേഷിയുള്ള തലമുറയാണ് നാടിന്റെ പ്രതീക്ഷ, അത് വീണ്ടും തെളിയിച്ച സിഇടിയിലെ കൂട്ടുകാർക്ക് എന്റെ വ്യക്തിപരമായ അഭിവാദ്യങ്ങൾ.

അല്പം മുൻപ് അവിടെ സന്ദർശിച്ചു. ബസ് ഷെൽട്ടർ ആകെ പൊളിഞ്ഞതാണ്. മാത്രമല്ല അത് അനധികൃതവും പൊതുമരാമത്ത് വകുപ്പിന്റെ NOC ഇല്ലാത്തതുമാണ്. അവിടെ നഗരസഭയുടെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ബസ് ഷെൽട്ടർ നിർമ്മിക്കും. അത് ജൻഡർ ന്യുട്രൽ ആയിരിക്കും. കാലം മാറിയെന്ന് മനസ്സിലാക്കാത്തവരോട് സഹതപിയ്ക്കാനേ കഴിയു. ഇക്കാര്യത്തിൽ വിദ്യാർത്ഥികളുടെ നിലപാടിനൊപ്പം തന്നെയാണ് ഞങ്ങൾ.