കൊച്ചി-മംഗളൂരു ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. കേരളത്തിലെയും കർണാടകത്തിലെയും ജനങ്ങൾക്ക് ഇന്ന് സുപ്രധാന ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് പാലിക്കപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കൊച്ചിയിൽ നിന്ന് തൃശൂർ വഴി പാലക്കാട്, കുറ്റനാട് വരെയുള്ള പൈപ്പ് ലൈൻ പദ്ധതിയുടെ നിര്‍മാണം 2019 ജൂണിലാണ് ആരംഭിച്ചത്. 450 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ് ലൈൻ കൊച്ചിയിലെ എൽ.എൻ.ജി റീ ഗ്യാസിഫിക്കേഷൻ ടെർമിനലിൽ നിന്ന് വാതകം മംഗലാപുരത്തെത്തിക്കും. തടസങ്ങളെ തരണം ചെയ്ത് പദ്ധതി പൂര്‍ത്തീകരിച്ച സംസ്ഥാനസര്‍ക്കാരിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇരുസംസ്ഥാനങ്ങളിലെയും സാധാരണക്കാരായ ജനങ്ങള്‍ക്ക് പദ്ധതി ഗുണകരമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കാർബൺ ഡൈ ഓക്സൈഡ് പുറത്തു വിടുന്നത് തടയുക വഴി പ്രകൃതിയോട് നാം ചെയ്യുന്ന വലിയ സേവനമായിരിക്കും പുതിയ പദ്ധതിയെന്നും പ്രധാനമന്ത്രി പറഞ്ഞു. സംയുക്ത സംരഭ൦ ഫലം കണ്ടതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനസാന്ദ്രതയേറിയ മേഖലകളിൽ പൈപ്പിടുന്നത് ശ്രമകരമായ ദൗത്യമായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
3000 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിലൂടെ കുറഞ്ഞ ചിലവിൽ പ്രകൃതി വാതകം വീടുകൾക്കും വ്യവസായങ്ങൾക്കും എത്തിക്കുയാണ് ലക്ഷ്യമിടുന്നത്. ഗെയിൽ പദ്ധതിയുടെ വിജയം ഫെഡറൽ രീതിയുടെ ക്ലാസിക്കൽ ഉദാഹരണമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധ൪മ്മേന്ദ്ര പ്രധാൻ സ്വാഗതപ്രസംഗത്തിൽ പറഞ്ഞു. സമയബന്ധിതമായി പദ്ധതി പൂ൪ത്തിയാക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം അനുമോദിച്ചു.
പദ്ധതിക്കെതിരെ പ്രതിഷേധം ഉയർന്നെങ്കിലും ഭൂവുടമകൾക്ക് ന്യായമായ നഷ്ടപരിഹാരം കൊടുക്കുവാൻ സർക്കാർ സ്വീകരിച്ച നടപടികൾ സാധിച്ചുവെന്നാമ് വിലയിരുത്തല്‍. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനായെന്ന് ഗെയില്‍ അധികൃതരും വ്യക്തമാക്കി.
പ്രകൃതിവാതക പൈപ്പ് ലൈൻ പൂർത്തിയായതോടെ സംസ്ഥാനത്തിന്‍റെ വ്യാവസായിക വളർച്ചക്കും അതുവഴി സാമ്പത്തിക വികസനത്തിനും വലിയ സാധ്യതയാണ് തുറന്നു കിട്ടിയിരിക്കുന്നത്. വീടുകൾക്കും വാഹനങ്ങൾക്കും ചെലവു കുറഞ്ഞ ഇന്ധനം ലഭ്യമാകുന്നത് എൽ.പി.ജി, പെട്രോൾ, ഡീസൽ വിലവർധിച്ചു കൊണ്ടിരിക്കുമ്പോൾ വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.