Kerala

കൊച്ചി-മംഗളുരു ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈൻ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

കൊച്ചി-മംഗളുരു ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഉദ്ഘാടനം. നിരവധി വെല്ലുവിളികള്‍ നേരിട്ട പദ്ധതി കേരള വികസന ചരിത്രത്തിലെ നാഴികക്കല്ലായി മാറുകയാണ്.

കൊച്ചിയിൽ നിന്ന് തൃശൂർ വഴി പാലക്കാട് കുറ്റനാട് വരെയുള്ള പൈപ്പ് ലൈൻ 2019 ജൂണിലാണ് കമ്മീഷൻ ചെയ്തിരുന്നത്. 450 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ് ലൈൻ കൊച്ചിയിലെ എൽഎൻജി റീ ഗ്യാസിഫിക്കേഷൻ ടെർമിനലിൽ നിന്ന് വാതകം മംഗലാപുരത്തെത്തിക്കും. 3000 കോടി രൂപ ചെലവ് വരുന്ന പദ്ധതി പരിസ്ഥിതി സൗഹൃദമാണ്. ഒപ്പം കുറഞ്ഞ ചെലവിൽ പ്രകൃതി വാതകം വീടുകൾക്കും, വ്യവസായങ്ങൾക്കും എത്തിക്കുകയും ചെയ്യുന്നതാണ് ഗെയ്ൽ പൈപ്പ് ലൈൻ.

പദ്ധതിക്കെതിരെ പ്രതിഷേധം ഉയർന്നെങ്കിലും ഭൂവുടമകൾക്ക് ന്യായമായ നഷ്ടപരിഹാരം കൊടുക്കുവാൻ സർക്കാർ സ്വീകരിച്ച നടപടികൾ സാധിച്ചുവെന്നാമ് വിലയിരുത്തല്‍. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനായെന്ന് ഗെയില്‍ അധികൃതരും വ്യക്തമാക്കി.

പ്രകൃതിവാതക പൈപ്പ് ലൈൻ പൂർത്തിയായതോടെ സംസ്ഥാനത്തിന്‍റെ വ്യാവസായിക വളർച്ചക്കും അതുവഴി സാമ്പത്തിക വികസനത്തിനും വലിയ സാധ്യതയാണ് തുറന്നു കിട്ടിയിരിക്കുന്നത്. വീടുകൾക്കും വാഹനങ്ങൾക്കും ചെലവു കുറഞ്ഞ ഇന്ധനം ലഭ്യമാകുന്നത് എൽ.പി.ജി, പെട്രോൾ, ഡീസൽ വിലവർധിച്ചു കൊണ്ടിരിക്കുമ്പോൾ വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.