India Kerala

‘’എന്‍.എസ്.എസിനെ രാഷ്ട്രീയം പഠിപ്പാക്കാനോ ഉപദേശിക്കാനോ കോടിയേരി നോക്കേണ്ട’’: സുകുമാരന്‍ നായര്‍

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍.എസ്.എസിനെ രാഷ്ട്രീയം പഠിപ്പാക്കാനോ ഉപദേശിക്കാനോ കോടിയേരി നോക്കേണ്ട. ശബരിമല വിഷയത്തില്‍ ആരെയും ഭയപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. ഈ വിഷയത്തില്‍ എന്‍.എസ്.എസിനെതിരെ വാളോങ്ങാന്‍ ധാര്‍മികമായി കോടിയേരിക്കും അനുയായികള്‍ക്കും അവകാശമില്ലെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് സ്വീകരിക്കുന്ന നിലപാടിനെതിരെ രൂക്ഷവിമര്‍ശമാണ് കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ചത്. ഇതിനുള്ള മറുപടിയാണ് ഇപ്പോള്‍ സുകുമാരന്‍ നായര്‍ വാര്‍ത്താകുറിപ്പിലൂടെ നല്‍കിയത്. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. ഇതിന്റെ പേരില്‍ വാളോങ്ങാനോ ഉപദേശിക്കാനോ രാഷ്ട്രീയം പഠിപ്പിക്കാനോ കോടിയേരി വരേണ്ട. കോടിയേരിയുടെ അനുയായികള്‍ക്കും ഇതിനുള്ള ധാര്‍മിക അവകാശമില്ലെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താകുറിപ്പില്‍ പ്രതികരിച്ചു.

ആരുമായും നിഴല്‍ യുദ്ധത്തിനില്ല. സര്‍ക്കാരുമായി എന്നും സൌഹൃദത്തില്‍ പോകാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് പറഞ്ഞത് കേള്‍ക്കാതെ വന്നപ്പോഴാണ് സമരവുമായി ഇറങ്ങിയതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

നിഴല്‍ യുദ്ധമാണ് എന്‍.എസ്.എസ് നടത്തുന്നതെന്നും വിരട്ടി വിധേയപ്പെടുത്താന്‍ നോക്കേണ്ടെന്നും രാഷ്ട്രീയ നിലപാടാണെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്നുമായിരുന്നു കോടിയേരിയുടെ പ്രതികരണം.

ശബരിമല വിഷയത്തില്‍ എന്‍.എസ്.എസും സി.പി.എമ്മും തമ്മില്‍ നടക്കുന്ന വാക്ക്പോര് വീണ്ടും ഇതോടെ രൂക്ഷമായിരിക്കുകയാണ്. അതേസമയം ശബരിമല വിഷയത്തില്‍ മാത്രമാണ് എന്‍.എസ്.എസുമായി പ്രശ്നമുള്ളതെന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട് ശരിയാണെന്നും സി.പി.എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്‍ പറഞ്ഞു.