പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി മന്ത്രി ജി സുധാകരന്. കോടതികളിൽ കേസുകൾ കെട്ടി കിടപ്പുണ്ട്, അത് ജഡ്ജിമാരുടെ കുറ്റമാണോയെന്ന് സുധാകരൻ ചോദിച്ചു. റോഡിലെ കുഴി അടയ്ക്കാനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ടെന്നും മന്ത്രി പറഞ്ഞു. പാലാരിവട്ടം അപകടത്തിൽ യുവാവിന് ജീവൻ നഷ്ടമായ സംഭവത്തിൽ സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
ഇതിനെതിരെയുള്ള മറുപടിയായിരുന്നു മന്ത്രി ജി സുധാകരൻ നൽകിയത്. മൂക്കിൽ വിരൽ വെച്ചിട്ട് കാര്യമില്ല കേരളത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്. സ്റ്റാഫും ജഡ്ജിമാരും കുറവുള്ളത് കൊണ്ടല്ലെ കോടതികളിൽ കേസ് കെട്ടിക്കിടക്കുന്നതെന്ന് മന്ത്രി ചോദിച്ചു. 700 കോടി രൂപ സർക്കാർ കോടതി കെട്ടിടങ്ങൾക്ക് നൽകി. റോഡിലെ കുഴി അടയ്ക്കാനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ട്. കുറ്റം ചെയ്തവര്‍ക്ക് എതിരെ തിരിയണം അല്ലാതെ പൊതുവേ പറയരുത്. മരണം സംഭവിച്ചതിൽ പൊതുമരാമത്ത് വകുപ്പിനും ജല വകുപ്പിനും ഉത്തരവാദിത്വമുണ്ടെന്നും സുധാകരൻ പറഞ്ഞു.