ജനശതാബ്ദി, വേണാട് എക്‌സ്പ്രസുകൾ നിർത്തലാക്കുന്നതോടെ കേരളം ഭാഗികമായി സ്തംഭിക്കും. സ്ഥിരം യാത്രക്കാരുടെ ആശ്രയമായ ഈ ട്രെയിനുകൾ നിർത്തലാക്കുന്നതോടെ സർക്കാർ ജീവനക്കാർ അടക്കമുള്ള യാത്രക്കാർ പ്രതിസന്ധിയിലാകും. റെയിൽവേയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ ഇന്ന് ഡിവിഷണൽ റെയിൽവേ മാനേജർ ഓഫീസിനു മുന്നിൽ ധർണ നടത്തും.
കൊവിഡ് സാഹചര്യത്തിൽ യാത്രക്കാരുടെ കുറവ് അനുഭവപ്പെട്ടതോടെയാണ് ജനശതാബ്ദി, വേണാട് എക്‌സ്പ്രസുകൾ നിർത്തലാക്കാൻ റെയിൽവേ തീരുമാനിച്ചത്. റെയിൽവേയുടെ നടപടി സ്ഥിരമായി ട്രെയിൻ സർവീസ് ആശ്രയിക്കുന്ന നിരവധി പേരെ പ്രതികൂലമായി ബാധിക്കും. ജനപ്രതിനിധികളുടേയും യാത്രക്കാരുടേയും പ്രതിഷേധം കണക്കിലെടുത്ത് ജനശദാബ്ദിയെങ്കിലും തുടരുമെന്ന് സൂചനയുണ്ട്.
റെയിൽവേയുടെ നടപടിക്കെതിരെ മന്ത്രി ജി സുധാകരൻ രംഗത്തെത്തി. റെയിൽവേയുടേത് കടുത്ത അതിക്രമമെന്ന് മന്ത്രി ട്വന്റിഫോറിനോട് പ്രതികരിച്ചു. കേരളത്തിൽ നിരവധി പേരാണ് ട്രെയിൻ ഗതാഗതത്തെ ആശ്രയിക്കുന്നത്. മൂന്ന് ട്രെയിനുകൾ നിർത്തലാക്കുന്നത് പ്രതികൂലമായി ബാധിക്കും. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് നടപടി സ്വീകരിക്കുന്നതിന് പരിമിധിയുണ്ട്. കേരളത്തെ പരിഗണിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.