Kerala

വട്ടക്കയംപോലെ വലിയ ചുഴികൾ, അപകടം തുടർക്കഥ; വിതുര കല്ലാറിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും

അപകടം തുടർക്കഥയായതോടെ തിരുവനന്തപുരം വിതുര കല്ലാറിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. പ്രദേശവാസികളുടെ മുന്നറിയിപ്പ് വകവെയ്ക്കാതെ കല്ലാറിൽ ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നത്. ഇന്നലെ കല്ലാറിൽ മുങ്ങി മരിച്ച ബീമപള്ളി സ്വദേശികളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.

കല്ലാറിൽ അപകടങ്ങൾ പതിവാണ്. ശരാശരി ഒരു വർഷം അഞ്ചു പേരോളം മരിക്കുന്നുവെന്നാണ് കണക്കുകൾ. ആദ്യ കാഴ്ചയിൽ ശാന്തമാണെങ്കിലും ചുഴികളിൽപെട്ടാണ് മരണങ്ങളുണ്ടാകുന്നത്. പലയിടത്തായി പൊലീസും പഞ്ചായത്തും വനം വകുപ്പുമൊക്കെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതോടെ മരണനിരക്ക് കുറക്കാനായി. എന്നാൽ ഇത് വകവെക്കാതെ ഇറങ്ങുന്നവരാണ് മരിക്കുന്നവരിൽ അധികവും.

വട്ടക്കയംപോലെ വലിയ ചുഴികളുള്ള പ്രദേശത്ത് സഞ്ചാരികൾക്ക് പൂർണ നിയന്ത്രണമേർപ്പെടുത്തുന്നത് സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിനായി അടിയന്തിര യോഗം വിളിക്കും. ടൂറിസത്തെ ബാധിക്കാതെ ഒരു ബദൽ മാർഗം നടപ്പിലാക്കുന്നതാണ് ആലോചിക്കുന്നത്.