Kerala

രാജ കൊട്ടാരത്തിൽ നിന്നും ‘CAN 42’ എത്തുക ലുലു മാളിലേക്ക്?

കഴിഞ്ഞ ദിവസമാണ് തിരുവിതാംകൂർ രാജകുടുംബാഗം ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമയുടെ പ്രിയപ്പെട്ട ബെൻസ് കാർ ‘CAN 42’ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിക്ക് സമ്മാനിച്ചത്. ഉത്രാടം തിരുനാളിൻ്റെ മകൻ പത്മനാഭ വർമ അംഗമായ ഉത്രാടം തിരുന്നാൾ മാർത്താണ്ഡവർമ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് കാർ കൈമാറ്റം. ഇപ്പോൾ ഇതാ രാജ കൊട്ടാരത്തിൽ നിന്നും ആ കാർ ലുലു മാളിലേക്ക് എത്തുമെന്നാണ് സൂചന.

ചരിത്ര പാതയിൽ മൈലുകൾ താണ്ടിയ ‘CAN 42’വിൻ്റെ പാരമ്പര്യം പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് യൂസഫലിയുടെ ലക്ഷ്യം. തിരുവനന്തപുരം ലുലു മാളിൽ തന്നെ കാർ പ്രദർശിപ്പിക്കാനാണ് സാധ്യത. ഇതിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായാണ് വിവരം. പ്രായം തെല്ലൊന്നു തളർത്തിയ ബെൻസിൻ്റെ പ്രൗഡി വർധിപ്പിക്കാനുള്ള മിനുക്ക് പണികൾ പൂർത്തിയായി കഴിഞ്ഞു. വിദേശത്ത് നിന്നാണ് വാഹനത്തിനാവശ്യമായ ഭാഗങ്ങൾ എത്തിച്ചത്.

ലുലു മാളിൽ ‘CAN 42’ വിൻ്റെ പെരുമ ചോരാതെ പ്രദർശിപ്പിക്കാൻ പ്രത്യേക ഒരുക്കങ്ങൾ നടക്കുകയാണ്. പൊതുജനങ്ങൾക്ക് കാണുന്നതിനും കാറിനെയും രാജ കുടുംബത്തെയും പറ്റി അടുത്തറിയുന്നതിനും മാളിൽ അവസരമൊരുക്കും. തിരുവനന്തപുരത്തിൻ്റെ അടയാളമായ ‘CAN 42’ വിനെ ജില്ലയ്ക്ക് പുറത്ത് കൊണ്ടുപോകാൻ യൂസഫലിക്ക് താൽപ്പര്യമില്ലെന്നാണ് ലഭിക്കുന്ന വിവരം. ഉടൻ തന്നെ നടപടികൾ പൂർത്തിയാക്കി കാർ ലുലു മാളിൽ എത്തും. ഇനി ലുലു ഭരിക്കാൻ ‘CAN 42’ മുന്നിൽ ഉണ്ടാകും.

തികഞ്ഞ വാഹനപ്രേമിയായിരുന്നു മാർത്താണ്ഡ വർമ. 1950 ൽ 12000 രൂപയ്ക്കാണ് രാജകുടുംബം ബെൻസ് സ്വന്തമാക്കിയത്. 85–ാം വയസ്സിലും മാർത്താണ്ഡവർമ ഇതേ വാഹനം ഓടിച്ചു. യൂസഫ‍ലിയെ അബുദാബിയിലെ വസതിയിലെത്തി സന്ദർശിച്ച മാർത്താണ്ഡവർമ അ‍ദ്ദേഹത്തെ കവടിയാർ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. 2012 ൽ യൂസഫലി പട്ടം കൊട്ടാരത്തിൽ എത്തിയപ്പോൾ കാർ സമ്മാനിക്കാനുള്ള ആഗ്രഹം ഉത്രാടം തിരുനാൾ അറിയിച്ചു. ഉത്രാടം തിരുനാൾ വിടവാങ്ങിയ‍തോടെ, കാർ ഏറെക്കാലമായി മകൻ പത്മനാഭവർ‍മയുടെയും ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ഫൗണ്ടേഷന്റെയും സംരക്ഷണയിലാണ്.

കാറിന് മോഹവില നൽകി വാങ്ങാൻ പല പ്രമുഖരും അദ്ദേഹത്തെ സമീപിച്ചിരുന്നു. റെക്കോർഡ് ദൂരം സഞ്ചരിച്ച ബെൻ‍സിനെ അഭിമാന ചിഹ്നമായി മാറ്റാൻ ബെൻസ് കമ്പനി തന്നെ ആഗ്രഹിച്ചിരുന്നു. തിരിച്ചെടു‍ക്കാമെന്നും പകരം 2 പുതിയ കാറുകൾ നൽകാമെന്നും പറഞ്ഞ് കമ്പനിയിലെ ഉന്നതർ അദ്ദേഹത്തെ സമീപിച്ചു. എന്നാൽ വാച്ച് മുതൽ 1936ൽ വാങ്ങിയ റോളി ‍ഫ്ലക്‌സ് ക്യാമറയും കാറും ഉൾപ്പെടെ പുരാതനമായ എല്ലാ വസ്തുക്ക‍ളെയും പൊന്നുപോലെ സൂക്ഷിച്ചിരുന്ന മാർത്താണ്ഡവർമ കാറിനെ കൈവിട്ടില്ല.