Kerala

ഭരണകൂടത്തിന്‍റെ മാധ്യമ വേട്ടക്കെതിരെ പ്രതിഷേധം: ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

കൃത്യമായ കാരണം പോലും പറയാതെ ഏകപക്ഷീയമായി നടപ്പിലാക്കിയ മീഡിയവണ്‍ സംപ്രേഷണ വിലക്ക് സംഘ് പരിവാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വഫാസിസത്തിന്റെ മാധ്യമ വേട്ടയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. “രാജ്യ സുരക്ഷ” എന്ന പദാവലിക്കകത്ത് എതിരഭിപ്രായങ്ങളെയും വിമർശനങ്ങളെയും റദ്ദ് ചെയ്യുന്ന നടപടികളാണ് കേന്ദ്ര ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. സംഘ് പരിവാർ ഭരണകൂടത്തിന്റെ ഹിന്ദുത്വ- ഫാസിസ്റ്റ് നടപടികൾക്കെതിരെ മുഴുവൻ ജനാധിപത്യ പോരാളികളും രംഗത്തിറങ്ങണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച കേസിൽ പ്രതിക്ക് എതിരെയുള്ള വാർത്ത നൽകി എന്ന കാരണം പറഞ്ഞാണ് റിപ്പോർട്ടർ ടി.വി എഡിറ്റർ എം.വി നികേഷ് കുമാറിനെതിരെ പോലീസ് സ്വമേധയാ കേസ് എടുത്തിരിക്കുന്നത്. സത്യസന്ധമായതും നീതിപൂർവ്വകവുമായ വാർത്ത പ്രസിദ്ധീകരിക്കുന്നതിനെതിരെ ഭരണകൂട- പോലീസ് സമീപനം അംഗീകരിക്കാൻ കഴിയുന്നതല്ല എന്നും സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. മാധ്യമങ്ങൾ എന്നത് ജനാധിപത്യത്തിന്റെ തന്നെ നാലാം തൂണായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ജനാധിപത്യ സംവിധാനത്തിനകത്തെ മാധ്യമ പ്രവർത്തനത്തിന്‍റെ പ്രാധാന്യത്തെ റദ്ദ് ചെയ്യുന്നത് ജനാധിപത്യ ജാഗ്രതയെ തന്നെ റദ്ദ് ചെയ്യുന്നതിന് തുല്യമാണ്. മൗലികാവകാശങ്ങളിൽ ഒന്നായ മാധ്യമ പ്രവർത്തനത്തെ ദുർബലപ്പെടുത്താനല്ല സംരക്ഷിക്കാനുള്ള ഇടപെടലുകൾക്കാണ് ഭരണകൂടങ്ങൾ തയ്യാറാകേണ്ടത് എന്ന് ഫ്രറ്റേണിറ്റി ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തനവുമായ ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ ജനാധിപത്യവൽക്കരിക്കാൻ ഭരണകൂടവും മാധ്യമ സ്ഥാപനങ്ങളും നിയമവിദഗ്ധരും മുന്നോട്ട് വരണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് നജ്ദ റൈഹാൻ അധ്യക്ഷത വഹിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ എസ്. മുജീബുറഹ്മാൻ, അർച്ചന പ്രജിത്ത്,കെ.കെ. അഷ്റഫ്, കെ.എം. ഷെഫ്റിൻ, ഫസ്ന മിയാൻ, മഹേഷ് തോന്നക്കൽ,സനൽ കുമാർ, ഫാത്തിമ നൗറിൻ, തുടങ്ങിയവർ സംസാരിച്ചു.