കോട്ടയം:2016ൽ അനധ്യാപക നിയമനങ്ങൾ(non teaching staff appointment )പിഎസ്‍സിക്ക് (psc)വിട്ട ശേഷം എംജി സർവകലാശാലയിൽ ചട്ടം ലംഘിച്ച്(violation of rules) നടന്നത് 49 നിയമനങ്ങൾ. ഈ നിയമനങ്ങൾ റദ്ദാക്കണമെന്നും സിൻഡിക്കേറ്റിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ധനകാര്യ പരിശോധന വിഭാഗം നൽകിയ റിപ്പോർട്ടിന്‍റെ പകർപ്പ് കിട്ടി. കൈക്കൂലി വാങ്ങിയതിന് പിടിയിലായ എൽസിയുടെ നിയമനം ഉൾപ്പെടെ റദ്ദാക്കണമെന്നായിരുന്നു 2020ൽ നൽകിയ റിപ്പോർട്ട്.
കൈക്കൂലിക്കേസിൽ പിടിയിലായ എൽസിയുടെ നിയമനത്തിൽ ചട്ടലംഘനമില്ലെന്ന് വിസിക്ക് ഉറപ്പ്. പക്ഷേ സർവകലാശാലയിലെ ഏതോ അലമാരയിൽ പൊടിയടിച്ചിരിക്കുന്ന ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ 2020 ജനുവരിയിലെ റിപ്പോർട്ടിൽ എൽസിയുടെ നിയമനം അനധികൃതം. ബൈട്രാൻസ്ഫർ നിയമനങ്ങളുടെ ചട്ടം ലംഘിച്ചാണ് 2017ൽ 10 പേരുടെ സ്ഥാനത്ത് എൽസി ഉൾപ്പെടെ 28 പേരെ നിയമിച്ചത്.
ക്രമക്കേടിന്‍റെ വഴി ഇങ്ങനെ. എൻട്രി കേഡർ അസിസ്റ്റന്‍റിന്‍റെ 238 തസ്തികൾ. അതിന്‍റെ നാല് ശതമാനം പേർക്ക് ബൈട്രാൻസ്ഫർ നൽകാമെന്ന് ചട്ടം. അതായത് താഴ്ന്ന തസ്തികയിൽ 4 വർഷം സർവീസ് പൂർത്തിയാക്കിയ 10 പേർക്ക്. പക്ഷേ വേണ്ടപ്പെട്ടവർക്കായി ചട്ടം ചിട്ടപ്പെടുത്തി. എല്ലാ അസിസ്റ്റന്‍റ് തസ്തികയുടേയും ആകെ ഒഴിവായ 712ന്‍റെ നാല് ശതമാനമാക്കി. അങ്ങനെ എൽസി ഉൾപ്പെടെ 18 പേർക്ക് പിൻവാതിൽ നിയമനം. ഈ പതിനെട്ട് നിയമനങ്ങളും റദ്ദാക്കണമെന്ന് ധനകാര്യ പരിശോധന വിഭാഗം പറയുന്നു.
മറ്റൊരു നഗ്നമായ ചട്ടലംഘനം നടന്നത് 2018ൽ. 2008ലെ സുപ്രീംകോടതി ഉത്തരവ് സർവകാശാലാ നിയമം ആയില്ലെന്ന ന്യായീകരണം നിരത്തി നടത്തിയെടുത്തത് 31 നിയമനങ്ങൾ. 10 വർഷം മുമ്പുള്ള കോടതി ഉത്തരവ് നിയമമാക്കേണ്ടിയിരുന്നത് ആരാണ്. അനധികൃത നിയമനം നടത്തിയ സിൻഡിക്കേറ്റ് തന്നെ. സർവകലാശാല സ്റ്റാറ്റ്യൂട്ടിന് വിരുദ്ധമായി വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ മാത്രമായിരുന്നു ക്ലറിക്കൽ അസിസ്റ്റന്‍റുമാരെ അസിസ്റ്റന്‍റുമാരാക്കിയത്. പിഎസ്‍സി മുഖേന ലഭിക്കേണ്ട 31 പേരുടെ നിയമനം ഇല്ലാതാക്കി. ഈ നിയമനങ്ങളെല്ലാം റദ്ദാക്കണമെന്നും ചുക്കാൻ പിടിച്ച സിൻഡിക്കേറ്റിനെതിരെ നടപടി വേണമെന്നും ധനകാര്യ പരിശോധന വകുപ്പിന്‍റെ റിപ്പോർട്ടിൽ പറയുന്നു. പക്ഷേ വർഷം രണ്ടായിട്ടും റിപ്പോർട്ടിൻ പുറത്ത് ഒന്നുമുണ്ടായില്ല. അനധികൃതമായി സ്ഥാനങ്ങളിലെത്തിയവർ കളങ്കമായിട്ടും ന്യായീകരണം തുടരുകയും ചെയ്യുന്നു.