കൊച്ചി ബിപിസിഎല്ലിലെ പിഡിപി പ്രൊജക്ട് ഉൾപ്പെടെ നാല് പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. കൊച്ചി അമ്പലമേട് വി.എച്ച്.എസ്.ഇ സ്‌കൂള്‍ ഗ്രൌണ്ടില്‍ നടന്ന ചടങ്ങില്‍ 6100 കോടിയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഭാവി തലമുറയ്ക്കായി ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് തന്റെ സർക്കാർ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
6000 കോടി രൂപ ചെലവിൽ റിഫൈനറിയിൽ പൂർത്തിയാക്കിയ പിഡിപി പ്രൊജക്ടാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ബൃഹത് പദ്ധതി. കൊച്ചി തുറമുഖ ട്രസ്റ്റ് നിർമിച്ച അന്താരാഷ്ട്ര ക്രൂസ് ടെർമിനൽ, ഷിപ്പിയാർഡ് പരിശീലന കേന്ദ്രമായ വിജ്ഞാൻ സാഗർ കാമ്പസിലെ പുതിയ മന്ദിരം എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പുതിയ പദ്ധതികളിലൂടെ വ്യവസായങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും നിരവധി തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ എവിടെയും ബ്രോഡ്ബാൻഡ് കണക്ടിവിറ്റി ലഭിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. മത്സ്യബന്ധന മേഖലയെ കൂടുതൽ സജ്ജമാക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുകയാണ്. വന്ദേ ഭാരത് പരിപാടിയുടെ ഭാഗമായി 50 ലക്ഷം ആളുകളെ തിരികെ കൊണ്ടുവരാൻ സാധിച്ചുവെന്നും അവരില്‍ ഭൂരിഭാഗവും മലയാളികളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരള സന്ദർശനത്തിനായി ഉച്ചയ്ക്ക് ശേഷം 3.11നാണ് പ്രധാനമന്ത്രി കൊച്ചി നാവിക വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ മന്ത്രി ജി സുധാകരന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. അവിടെ നിന്ന് ഹെലികോപ്റ്ററില്‍ രാജഗിരി കോളജ് ഹെലിപാഡില്‍ ഇറങ്ങിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ എന്നിവർ ചേർന്നു സ്വീകരിച്ചു. പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം 6.19ന് വ്യോമസേന വിമാനത്തിൽ പ്രധാനമന്ത്രി ഡൽഹിക്ക് മടങ്ങി.