India Kerala

കെവിനെ തട്ടിക്കൊണ്ടുപോയ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്ന് മുന്‍ എസ്.ഐ

കെവിനെ തട്ടിക്കൊണ്ടുപോയ വിവരം മേലുദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നുവെന്ന് ഗാന്ധിനഗര്‍ സ്റ്റേഷനിലെ മുന്‍ എസ്.ഐ എം.എസ് ഷിബു. സംഭവം അറിഞ്ഞയുടന്‍ തന്നെ ഡി.വൈ.എസ്.പിയെയും എസ്.പിയെയും വിവരം അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടി ഉണ്ടായിരുന്നുവെന്നും അന്വേഷണത്തിന് മൂന്ന് മണിക്കൂര്‍ മാത്രമാണ് ലഭിച്ചതെന്നും ഷിബു കോടതിയില്‍ മൊഴി നല്‍കി.

കെവിനെ തട്ടിക്കൊണ്ട് പോയതിന് പിന്നാലെ നീനുവും കെവിന്റെ അച്ഛനും ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. എന്നാല്‍ ആവശ്യമായ നടപടിയെടുക്കാന്‍ എസ്.ഐ ആയിരുന്ന ഷിബു തയ്യാറായില്ലെന്ന് അന്നേ പരാതി ഉണ്ടായിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഷിബുവിനെ വിസ്തരിച്ചത്. കെവിനെ കാണാതെ പോയ വിവരം താന്‍ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്നാണ് ഷിബുവിന്റെ മൊഴി. സംഭവം അറിഞ്ഞപ്പോള്‍ തന്നെ ഡി.വൈ.എസ്.പിയെ വിവരം അറിയിച്ചു. തുടര്‍ന്ന് 10 മണിയോടെ എസ്.പിയോടും കാര്യം പറഞ്ഞിരുന്നു. ഉച്ചയോടെ മുഖ്യമന്ത്രിയുടെ പരിപാടിയുണ്ടായിരുന്നതിനാല്‍ കൂടുതല്‍ അന്വേഷണത്തിന് സമയം ലഭിച്ചില്ലെന്നുമാണ് ഷിബുവിന്റെ മൊഴി.

അന്വേഷണം കൃത്യമായി നടത്താതിരുന്ന സാഹചര്യത്തില്‍ ഷിബുവിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടാന്‍ ഐ.ജി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇത് പിന്‍വലിച്ച് സര്‍വ്വീസില്‍ തിരികെ എടുക്കാന്‍ ശ്രമം നടത്തിയെങ്കിലും വിവാദമായതിനെ തുടര്‍ന്ന് നടപടി മരവിപ്പിക്കുകയായിരുന്നു.