കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു. 88 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കെ കരുണാകരൻ, എ.കെ ആൻറണി മന്ത്രിസഭകളിലായി നാല് തവണ മന്ത്രിയായിരുന്നു കടവൂര്‍ ശിവദാസന്‍. വൈദ്യുതി, വനം, എക്സൈസ്, ആരോഗ്യം വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. കൊല്ലം, കുണ്ടറ എന്നീ മണ്ഡലങ്ങളെ നിയമസഭയില്‍ പ്രതിനിധീകരിച്ചു.
ആര്‍.എസ്.പിയിലൂടെയായിരുന്നു കടവൂര്‍ ശിവദാസന്‍റെ രാഷ്ട്രീയ പ്രവേശം. 1980ലും 82ലും ആര്‍.എസ്.പി പ്രതിനിധിയായി കടവൂര്‍ ശിവദാസന്‍ നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചു. പിന്നീട് കോണ്‍ഗ്രസിലെത്തി കൊല്ലം ജില്ലയിലെ പാര്‍ട്ടിയുടെ മുഖ്യ നേതാവായി മാറി. 1991, 96, 2001 വര്‍ഷങ്ങളിലും നിയമസഭയിലെത്തി. അസംഘടിത തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുക എന്നത് ഉള്‍പ്പെടെയുള്ള ആശയങ്ങള്‍ മുന്നോട്ടുവെച്ച നേതാവായിരുന്നു അദ്ദേഹം.
10 മണി മുതല്‍ കൊല്ലം ഡി.സി.സി ഓഫീസിലും 11 മണി മുതല്‍ വീട്ടിലും പൊതുദര്‍ശനം. സംസ്കാരം വൈകീട്ട് നാലിന് കൊല്ലം മുളങ്കാടകം ശ്മശാനത്തില്‍ നടക്കും.