Kerala

കാട്ടാന ആക്രമണം: ഇടുക്കിയില്‍ ഇന്ന് നിര്‍ണായക യോഗം; അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടിക്കണമെന്ന നിര്‍ദേശം ചര്‍ച്ചയ്ക്ക്

ഇടുക്കിയില്‍ തുടര്‍ച്ചയായി കാട്ടാന ആക്രമണമുണ്ടാകുന്ന പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം ഇന്ന്. സിസിഎഫ് ആര്‍ എസ് അരുണ്‍, വെറ്റിനറി സര്‍ജന്‍ ഡോ അരുണ്‍ സഖറിയ എന്നിവര്‍ ഉള്‍പ്പെടെയാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നത്. ആക്രമണകാരിയായ അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടിക്കണമെന്ന നിര്‍ദേശം ഇന്ന് ചര്‍ച്ച ചെയ്യും. നിരന്തരം ജനവാസമേഖലയില്‍ ഭീതി സൃഷ്ടിക്കുന്ന ചക്കക്കൊമ്പന്‍, മൊട്ടവാലന്‍ എന്നീ കാട്ടാനകള്‍ക്ക് റേഡിയോ കോളര്‍ ഘടിപ്പിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഇക്കാര്യത്തിലും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.

ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെ അക്രമകാരികളായ കാട്ടാനകളെ ആര്‍ ആര്‍ ടി സംഘം കഴിഞ്ഞ ദിവസം മുതല്‍ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷിച്ചു തുടങ്ങിയിരുന്നു. കാട്ടാനകളുടെ സഞ്ചാരപഥം ഉള്‍പ്പെടെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി.

അക്രമകാരികളായ ആനകളെ കുറിച്ചുള്ള വിവരശേഖരണം പുരോഗമിക്കുകയാണ്. അരിക്കൊമ്പനെ ഡോ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം നിരീക്ഷിച്ചുവരികയായിരുന്നു. ഈ നിരീക്ഷണത്തിന്റെ ഫലങ്ങള്‍ കൂടി അടിസ്ഥാനമാക്കിയാകും കാട്ടാനശല്യത്തില്‍ തുടര്‍നടപടി സ്വീകരിക്കുക.