മന്ത്രി കെ രാജു പങ്കെടുത്ത പാലക്കാട് ജില്ലാ വന അദാലത്തിൽ ആദിവാസികൾ അടക്കമുള്ളവരുടെ പ്രതിഷേധം. ഭൂമി സംബന്ധിച്ച പരാതികൾ സ്വീകരിക്കുമെന്ന് അറിയിച്ച് ടോക്കൺ നൽകിയെങ്കിലും അവസാന നിമിഷം പരാതികൾ പരിഗണിക്കില്ലെന്ന് അറിയിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഒടുവിൽ പരാതിക്കാരുടെ പ്രതിനിധികള്‍ക്ക് മന്ത്രിയെ കാണാൻ അനുമതി ലഭിച്ചതോടെയാണ് പ്രതിഷേധം താൽക്കാലികമായി ശമിച്ചത്.
അട്ടപ്പാടിയിൽ നിന്നുള്ള ആദിവാസികളടക്കം പുലർച്ചെയോട് കൂടി അദാലത്തിനായി എത്തിയിരുന്നു. ടോക്കൺ മുൻപേ ലഭിച്ചെങ്കിലും ഇന്നലെയാണ് ഭൂമി സംബന്ധിച്ച പരാതികൾ പരിഗണിക്കില്ലെന്ന നോട്ടീസ് പലർക്കും ലഭിച്ചത്. എന്നാൽ മന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വേദിക്ക് പുറത്ത് പ്രതിഷേധിച്ചു.
പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരുടെ പ്രതിനിധികളില്‍ ചിലരെ മന്ത്രിയെ കാണാൻ അനുവദിച്ചതോടെയാണ് പ്രതിഷേധം ശമിച്ചത്. ഭൂമി സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ മറ്റൊരു അദാലത്ത് കൂടി നടത്തുമെന്ന് മന്ത്രി കെ രാജു ഉറപ്പ് നൽകി. നഗരത്തിൽ നിന്ന് ദൂരത്തിലുള്ള കല്ലേകുളങ്ങരയിൽ വനം അദാലത്ത് നടത്തിയതിനെതിരെയും പ്രതിഷേധം ഉയർന്നു. അദാലത്തിൽ 35 ലക്ഷത്തിലധികം രൂപയുടെ ധനസഹായം മന്ത്രി കെ രാജു വിതരണം ചെയ്തു.