വയനാട് വൈത്തിരിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി. പി ജലീൽ പൊലീസിന് നേരെ വെടിയുതിർത്തിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. തോക്കുകളുടെ ശാസ്ത്രീയ പരിശോധനാഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ വർഷം മാർച്ചിലാണ് വൈത്തിരിയിലെ റിസോർട്ടിൽ ജലീലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. റിസോർട്ടിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ജലീൽ പൊലീസിന് നേരെ വെടിയുതിർത്തെന്നും തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം. വ്യാജ ഏറ്റമുട്ടൽ നടന്നുവെന്ന വാദം ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന ഫോറൻസിക് റിപ്പോർട്ട്.
പൊലീസ് സമർപ്പിച്ച ജലീലിന്റേതെന്ന് അവകാപ്പെട്ട തോക്കിൽ നിന്നല്ല വെടി ഉയർത്തതെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. ജലീലിന്റെ വലതുകയ്യിൽ നിന്ന് എടുത്ത സാമ്പിളിൽ വെടിമരുന്നിന്റെ ഏതെങ്കിലും തരത്തിലുള്ള അംശം കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോടതിയിൽ സമർപ്പിച്ച തോക്കുകൾ തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ പൊലീസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അത് കൊടുക്കരുതെന്നും അത് തെളിവുനശിപ്പിക്കാൻ കാരണമാകുമെന്നും ജലീലിന്റെ സഹോദരൻ റഷീദ് ചൂണ്ടിക്കാട്ടിയിരുന്നു.