സംസ്ഥാനത്ത് ടർഫുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെന്ന തരത്തിൽ നിരവധി പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ലഹരി വിൽപന വ്യാപകമാകുന്നെന്നും ഇത് തടയാനായാണ് ടർഫുകളിൽ സമയ നിയന്ത്രണം കൊണ്ടുവരുന്നതെന്നുമാണ് പ്രചരണം. എന്നാൽ പ്രചരിക്കുന്ന വാർത്ത വസ്തുതാപരമല്ല.
തിരുവനന്തപുരം നഗരപരിധിയിലെ സ്‌പോർട്‌സ് ടർഫുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള കരട് മാതൃകയ്ക്ക് കോർപറേഷൻ കൗൺസിൽ യോഗം അംഗീകാരം നൽകിയിരുന്നു. എന്നാൽ ഇതുവരെയും അന്തിമ ഉത്തരവ് ഇറങ്ങിയിട്ടില്ല. നഗരത്തിനുള്ളിൽ സ്‌പോർട്‌സ് ടർഫുകളുടെ എണ്ണം വർദ്ധിച്ച് വരുന്ന സാഹചര്യത്തിലും, രാത്രി വൈകിയുള്ള പ്രവർത്തനം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന വിലയിരുത്തിലിന്റേയും അടിസ്ഥാനത്തിലാണ് കോർപ്പറേഷൻ ഇത്തരത്തിൽ ആലോചന നടത്തിയത്.
കരട് മാതൃക അനുസരിച്ച് രാവിലെ 5 മുതൽ രാത്രി 10 മണി വരെ മാത്രമാണ് ടർഫുകൾക്ക് പ്രവർത്തിക്കാനാകുക. അന്തിമ ഉത്തരവ് പുറത്തിറങ്ങിയാൽ, ടർഫുകൾക്ക് പ്രത്യേക ലൈസൻസ് നൽകാനും വാർഷിക ഫീസ് ഈടാക്കാനും കോർപ്പറേഷന് കഴിയും. തിരുവനന്തപുരം നഗര പരിധിയിലെ ടർഫുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള വാർത്തയാണ് വസ്തുതാവിരുദ്ധമായി പ്രചരിക്കുന്നത്.